സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിൽ അവതാരികയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് മീനാക്ഷി അനൂപ്.നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബാലതാരമായാണ് മീനാക്ഷി മലയാള സിനിമയിലേക്ക് എത്തുന്നത്.ചിത്രത്തിലെ ഒരു ഗാന രംഗവും മീനാക്ഷിയുടെ അഭിനയവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പിന്നീട് പല ചിത്രങ്ങളിലൂടെയും ടോപ് സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ അവതാരികയായും മീനാക്ഷി തിളങ്ങി.
സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ആ ചാനൽ നോക്കി നടത്താൻ ഏൽപ്പിച്ചവർ പറ്റിച്ചു എന്ന ആരോപണമാണ് മീനാക്ഷിയും കുടുംബവും പറയുന്നത്.ആ ചാനലിന് ലഭിച്ച യൂട്യൂബ് പ്ലേ ബട്ടൺ പോലും തങ്ങൾക്ക് നൽകിയില്ലെന്നും താരം പറയുന്നു.പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലിലാണ് മീനാക്ഷിയും അച്ഛനും അമ്മയും തങ്ങൾക്ക് സംഭവിച്ച ചതിയെ പറ്റി പറയുന്നത്.ഒരു സംഘം പാർട്ട്ണർഷിപ്പിലൂടെ യൂട്യൂബ് ചാനൽ ഏറ്റെടുത്തു നടത്താമെന്ന് പറഞ്ഞാണ് ഇങ്ങോട്ട് വന്ന സമീപിച്ചതെന്ന് മീനാക്ഷിയുടെ അച്ഛൻ അനൂപ് പറയുന്നു.
ഏതാണ്ട് രണ്ട് ലക്ഷത്തോളം സബ്സ്ക്രൈബെഴ്സ് ഉണ്ടായിരുന്ന തങ്ങളുടെ പഴയ ചാനലിന് ലഭിച്ച പ്ലേ ബട്ടണും,പണവും എല്ലാം അവർ തന്നെയാണ് എടുത്തത്.ചാനലിൽ വീഡിയോകൾ എഡിറ്റ് ചെയ്ത് ഇട്ടിരുന്നതും അവർ തന്നെയാണ്.കിട്ടിയ പ്ലേ ബട്ടൺ ആക്രിക്കടയിൽ കൊടുത്ത് പണം ആക്കിയോ എന്ന് പോലും അറിയില്ലെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു.ആദ്യകാലത്ത് ഇവരിൽ നിന്നുണ്ടായ ഇത്തരം നടപടികൾ തങ്ങൾ കണ്ടില്ലെന്ന് നടിച്ചു പിന്നീട് സ്ഥിരമാകാൻ തുടങ്ങിയപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനൂപ് പറയുന്നു.
യൂട്യൂബ് ചാനലിന്റെ ഇമെയിൽ ഐഡിയും പാസ്വേഡും എല്ലാം ആ സംഘം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.പലപ്പോഴും യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എഗ്രിമെൻറ് എപ്പോഴാണ് തരുക എന്ന് ചോദിക്കുമ്പോൾ തരാം ചേട്ടാ എന്ന് പറയുക പറയുക മാത്രമാണ് അവർ ചെയ്തതെന്നും മീനാക്ഷിയുടെ പിതാവ് പറയുന്നു. മീനാക്ഷിയുടെ മുഖം ഉപയോഗിച്ച് പണം തട്ടുക എന്നൊരു ഉദ്ദേശം മാത്രമാണ് ആ സംഘത്തിന് ഉണ്ടായിരുന്നതെന്ന് പുതിയ വീഡിയോയിൽ മീനാക്ഷിയുടെ കുടുംബം പറയുന്നു.പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലിന് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്നും മീനാക്ഷി പറയുന്നു.