നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച് ഭാവന,ഷറഫുദ്ദീന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. മലയാളത്തിന്റെ പ്രിയ നായിക ഭാവന ആറു വർഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹണ്ട് എന്ന ചിത്രവും ഭാവനയുടേതായി അണിയറയിൽ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്.
ഇപ്പോഴിതാ’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിൻറെ തിരക്കേറിയ പ്രമോഷൻ ക്യാമ്പയിനുകൾക്കിടയിലാണ് ഭാവനയും അണിയറ പ്രവർത്തകരും.ഈ ചടങ്ങിൽ സിനിമയിൽ വന്ന മാറ്റത്തെക്കുറിച്ചും പ്രേക്ഷകരുടെ മനോഭാവത്തെക്കുറിച്ചും ഭാവന സംസാരിച്ചിരുന്നു.ഈ അവസരത്തിൽ സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയുകയാണ് ഭാവന. മലയാള സിനിമയിൽ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.സാനിയ റാഫി,അശോകന്,അനാര്‍ക്കലി നാസര്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മൾ അതിനെ എത്രത്തോളം സ്നേഹിച്ചു, എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല.സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു.സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവർ വിലയിരുത്തുന്നത്.സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ’. ഇത്തരത്തിലായിരുന്നു ഒരു ഇടവേളക്കുശേഷം താൻ തിരിച്ചെത്തിയ മലയാള സിനിമയെക്കുറിച്ച് ഭാവന പറഞ്ഞത്.നായിക,നായകൻ,വില്ലൻ എന്നീ പതിവ് സങ്കൽപ്പങ്ങളിൽ നിന്ന് മലയാളം സിനിമ വളരെയധികം മാറിയിട്ടുണ്ടെന്നും ഭാവന പറഞ്ഞു.
ലണ്ടന്‍ ടോക്കീസ്,ബോണ്‍ഹോമി എന്റര്ടയ്ന്മെന്റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ,റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ബിജിപാലാണ് നിർവഹിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്,പ്രശോഭ് വിജയന്,ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍,ജയ് വിഷ്ണു, പാട്ടുകള്‍ നിഷാന്ത് രാംടെകെ,പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്,പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ കുര്യന്,കലാസംവിധാനം മിഥുന് ചാലിശ്ശേരി, മേക്കപ്പ് അമല്‍ ചന്ദ്രന് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.