പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. അദ്ദേഹത്തിൻറെ സുഹൃത്തും നടനുമായ അനുപം ഖേർ ആണ് ഈ വാർത്ത ഏവരെയും അറിയിച്ചത്.മരിക്കുമ്പോൾ 66 വയസ്സായിരുന്നു സതീഷ് കൗശിക്കിന്.ഗുരുഗ്രാമിൽ ഒരു സ്വകാര്യ ആവശ്യത്തിനായി എത്തിയ അദ്ദേഹത്തിന് കാറിൽ വച്ച് ഉണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മുംബൈയിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.
തൻറെ പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അനുവദിച്ച് അനുപം ഖേർ സോഷ്യൽ മീഡിയയിൽ വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.’എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്.എന്നാല്‍ ഞാൻ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.45 വർഷത്തെ സൗഹൃദത്തിന് ഇത്തരത്തിൽ ഒരു ഫുൾസ്റ്റോപ്പ് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.നീ ഇല്ലാതെ ജീവിതം ഒരിക്കലും പഴയപടിയാകില്ല,ഓം ശാന്തി’.ഇത്തരത്തിലായിരുന്നു അനുപം ഖേറിൻറെ സുഹൃത്തിനെ പറ്റിയുള്ള ഓർമ്മക്കുറിപ്പ്.
തന്റെ കുറിപ്പിനോട് കൂടെ സതീഷ് കൗശിക്കിന് ഒപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. നിരവധി നാടക പ്രസ്ഥാനങ്ങളുടെ ഭാഗമായി സജീവമായിരുന്ന സതീഷ് കൗശിക് ജാനേ ഭി ദൊ യാരൂ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബിഗ് സ്ക്രീനിൽ അഭിനയിക്കുന്നത്.നാഷണല്‍ സ്ക്രൂള്‍ ഓഫ് ഡ്രാമയിലെയും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് തൻറെ കലാ ജീവിതത്തിന് തുടക്കമിട്ടത്.രൂപ് കി റാണി ചോറോൻ ക രാജ എന്നാൽ ഹിന്ദി ചിത്രത്തിലൂടെയാണ് സതീഷ് കൗശിക് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ സംവിധാന സംരംഭത്തിന് ശേഷം പ്രേം, മിസ്റ്റര്‍ ബെച്ചേര,ഹമാര ദില്‍ ആപ്കെ പാസ് ഹെ,ക്യോൻ കി,കഗാസ്,ബധായി ഹൊ ബധായി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.മിസ്റ്റര്‍ ബച്ചേര,ക്യോൻ കി,കഗാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ നിർമ്മാണ രംഗത്തും അദ്ദേഹം തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മിസ്റ്റര്‍ ഇന്ത്യ,ദീവാന മസ്താന,ബ്രിക്ക് ലെയ്ൻ എന്നിവയാണ് സതീഷ് കൗശിക് അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ. സ്വഭാവംനടനായി തിളങ്ങുന്നതിനോടൊപ്പം തന്നെ തനിക്ക് കോമഡിയും ഒരുപോലെ വഴങ്ങും എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.കങ്കണ റണാവത്ത് സംവിധാനം ചെയ്ത് റിലീസിന് എത്താനുള്ള എമർജൻസിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.