നിരവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ആസ്വാദകർ ഏറെ കാത്തിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒന്നിക്കുന്ന ഷൂട്ടിംഗ് പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലൈക്കോട്ടെ വാലിബൻ’.ചില താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന് അറിയിച്ചത് അല്ലാതെ ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറക്കാരെക്കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരാൾ കൂടി താൻ ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ച ഹരികൃഷ്ണന് ഗുരുക്കളാണ് താനും ഈ ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്.മലയാള ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്നെ ഒരു നാഴികല്ല് ആയി മാറാൻ പോകുന്ന മലൈക്കോട്ടെ വാലിബനിൽ മോഹൻലാലിനൊപ്പം അവസരം ലഭിച്ചത് തൻറെ ജീവിതത്തിലെ ഒരു ഭാഗ്യമായി കാണുന്നു.
കൂടാതെ ഈ അവസരം തനിക്ക് ലഭിച്ചതിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കും ദൈവത്തിനും ഉള്ള നന്ദി അദ്ദേഹം പറയുന്നു.37 സെക്കന്‍ഡില്‍ 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും പിന്നീട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഹരികൃഷ്ണൻ ഗുരുക്കൾ ഇടം നേടിയിട്ടുണ്ട്.ഉറുമി വീശലിലും വാൾപയറ്റിലും ദേശീയതലത്തിൽ സ്വർണ്ണം,വെള്ളി,വെങ്കലം എന്നിങ്ങനെ സമ്മാനങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച് വാള് കൊണ്ട് വെട്ടിമുറിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹരികൃഷ്ണൻ ഗുരുക്കൾ നേടിയിട്ടുണ്ട്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.