വിഷ്ണു ശശിശശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകനായി അടുത്തിടെ മലയാളത്തിൽ വൻ വിജയമായ ചിത്രമാണ് മാളികപ്പുറം.പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം വളരെ പെട്ടെന്ന് 100 കോടി ക്ലബ്ബിലെത്തിയിരുന്നു.ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് പിള്ളയാണ്.താൻ തിരക്കഥ തയ്യാറാക്കിയ നാല് ചിത്രങ്ങളും ഒരേ വർഷം പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയതിന്റെ സന്തോഷത്തിലാണ് അഭിലാഷ്. ഇതിൽ അഭിലാഷിന്റെ കരിയറിൻറെ ഗതി മാറ്റിയത് മാളികപ്പുറത്തിന്റെ വൻ വിജയമാണ്.
മാളികപ്പുറത്തിന്റെ വൻ വിജയത്തെ തുടർന്ന് മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിൻറെ പണിപ്പുരയിലാണ് അഭിലാഷ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ മലയാളത്തിൽ നിന്ന് മാറി തമിഴിൽ ആയിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നാണ് അറിയാൻ ആകുന്നത്.തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയാണ് അഭിലാഷിന്റെ കഥയിൽ സിനിമയൊരുക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്ത.കൊച്ചടിയാൻ,വേലയില്ലാ പട്ടധാരി 2 എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായികയാണ് ഐശ്വര്യ.
മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ ഐശ്വര്യയുടെ കോൾ വന്നു എന്നും,നേരിട്ട് കാണാൻ സാധിക്കുമോ എന്ന് അന്വേഷിച്ചതായി അഭിലാഷ് പറഞ്ഞതായും തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രവും അഭിലാഷ് തൻറെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.അതിനിടയിൽ ചെന്നൈയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഒരു പ്രോജക്ടിനെ കുറിച്ച് സംസാരിച്ചു എന്നും ഈ വർഷം അത് സംഭവിക്കും എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.ഐശ്വര്യയോട് അഭിലാഷ് കഥ പറഞ്ഞു എന്നും അവർക്ക് കഥ ഇഷ്ടമായി കൂടാതെ ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അനൂപ് പണിക്കരുടെ സംവിധാനത്തിൽ അമല പോളിനെ പ്രധാന കഥാപാത്രമായി ഒരുക്കിയ കടാവർ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് തമിഴിൽ അഭിലാഷ് തിരക്കഥ ഒരുക്കിയ ചിത്രം.കൂടാതെ എം പത്മകുമാർ സംവിധാനം നിർവഹിച്ച് സുരാജ് വെഞ്ഞാറമൂട്,ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പത്താം വളവ്, വൈശാഖ് സംവിധാനം ചെയ്ത് റോഷൻ മാത്യു, അന്നാബെൻ,ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ നൈറ്റ് ഡ്രൈവ് എന്നിവയാണ് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ മലയാള ചിത്രങ്ങൾ.ഈ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്.