ഇന്ത്യയിലെ ജനപ്രിയ വാഹന ബ്രാൻഡ് ആയ മാരുതി സുസുക്കിയുടെ എക്കാലത്തെയും ആരാധകരുള്ള മോഡലാണ് സ്വിഫ്റ്റ്.അടുത്തവർഷം രണ്ടാം പകുതിയോട് കൂടി മാത്രം പരീക്ഷണം പൂർത്തിയാവുകയും 2024ൽ സ്വിഫ്റ്റ് പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും എന്നുമാണ് കരുതുന്നത്.ആഗോളതലത്തിൽ ഏറ്റവും പുതിയ സ്വിഫ്റ്റ് മോഡലിന്റെ പരീക്ഷണം ആണ് മാരുതി സുസുക്കി ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ ടൊയോട്ട യുമായി ചേർന്ന് മാരുതി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചിരുന്നു.
ടയോട്ട യുമായി ചേർന്നുള്ള ഹൈബ്രിഡ് ടെക്നോളജിയിൽ എത്തിയ ഗ്രാൻഡ് വിറ്റാര ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നു.വാഹനം പുറത്തിറങ്ങി മാസങ്ങളിൽ തന്നെ മികച്ച വിൽപ്പനയാണ് ഗ്രാൻഡ് വിറ്റാര നേടുന്നത്.എന്നാൽ കൂടുതൽ ഇന്ധനക്ഷമത ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ മോഡലുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വിഫ്റ്റിൻറെ ഹൈബ്രിഡ് പതിപ്പുമായി മാരുതി മുന്നോട്ടുവരുന്ന സൂചന നൽകിയത്.ഇന്ത്യയിൽ ഏറ്റവും അധികം വില്പനയും ആരാധകരും ഉള്ള ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് മാരുതി സ്വിഫ്റ്റ് നെ എത്തിക്കുക.
വൈ ഇ ഡി എന്ന കോഡ് നാമത്തിൽ അണിയറയിൽ ഒരുങ്ങുന്ന സ്വിഫ്റ്റ് ഒരു പുതിയ 1.2 ലിറ്റർ 3 സിലിണ്ടർ എൻജിന് ഒപ്പം ടൊയോട്ടയുടെ സ്ട്രോങ്ങ് ഹൈബ്രിഡ് ടെക്നോളജിയുമായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.23 കീമീ ആണ് നിലവിലുള്ള സ്വിഫ്റ്റ് എൻജിൻ നൽകുന്ന മൈലേജ്.ഉയർന്ന ടോപ്പ് എൻഡ് മോഡലിൽ സ്ട്രോങ്ങ് ഹൈബ്രിഡ് എൻജിനുള്ള വാഹനവും താഴ്ന്ന വേരിയന്റുകളിൽ പെട്രോൾ എൻജിനും സിഎൻജിയും നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിൽ 30-40 കീമീ മൈലേജ് വാഹനം നൽകുമെന്നാണ് കരുതുന്നത്.ഇതോടെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമായി സ്വിഫ്റ്റ് മാറും.
നിലവിലുള്ള സ്വിഫ്റ്റ് മോഡലിനേക്കാൾ ഒന്നര ലക്ഷം രൂപയോളം വില കൂട്ടി ആയിരിക്കും ഏറ്റവും പുതിയ ഹൈബ്രിഡ് സ്വിഫ്റ്റ് മോഡലുകൾ വിപണിയിലിറക്കുക. ഡിസൈനിൽ മാറ്റം വരുത്തിയ ഫ്രണ്ട് ബമ്പർ,ബ്ലാക്ക്ഡ് ഔട്ട് തൂണുകൾ,പുതിയ ബോഡി പാനലുകൾ,റൂഫ് മൗണ്ടഡ് സ്പോയിലർ, സ്മാർട്ട് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറെ സിസ്റ്റം എന്നീ ഒരു പിടി മാറ്റങ്ങളോടെ ആയിരിക്കും സ്വിഫ്റ്റ് എത്തുക.സ്വിഫ്റ്റ് ഏറ്റവും പുതിയ മോഡൽ കമ്പനി ജന്മനാടായ ജപ്പാനിൽ ആയിരിക്കും ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തുക എന്നാണ് വിവരം. സ്വിഫ്റ്റിൻറെ സെഡാൻ മോഡലായ ഡിസയറിലും ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ എത്തുമെന്നാണ് സൂചന.