മലയാള സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടിയാണ് ഗീത. നിരവധി ശക്തമായ കഥാപാത്രങ്ങളെ നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ള ഗീതയ്ക്ക് വലിയ സ്വീകാര്യതയാണ് മലയാളത്തിൽ ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഭാഷകളിലും സജീവമായിരുന്നു താരം. നായിക വേഷങ്ങളിലും സഹനടി വേഷങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള ഗീത ഇന്നും സിനിമയിൽ സജീവമാണ്. എഴുപതുകളുടെ അവസാനമാണ് ഗീത കരിയർ ആരംഭിക്കുന്നത്. 80കളുടെ തുടക്കത്തിൽ മലയാളത്തിലേക്ക് എത്തി. 80കളിലും 90കളുടെ അവസാനം വരെയും നിരവധി ശ്രദ്ധയെ സിനിമകളിൽ ഗീത അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ നടിക്ക് ലഭിച്ച സിനിമകൾ മിക്കതും സൂപ്പർ ഹിറ്റുകളായി. വൈശാലി, ആവനാഴി, അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, ലാൽസലാം, സുഖമോദേവി, തലസ്ഥാനം, അതിരാത്രങ്ങൾ, ഏകലവ്യ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളാണ് അതിൽ. വിവാഹത്തോടെ ഗീത സിനിമയിൽ നിന്ന് ഇടവേള എടുത്തു. 1997 ആയിരുന്നു ഗീതയുടെ വിവാഹം. അമേരിക്കയിൽ ചാറ്റെഡ് അക്കൗണ്ടൻറ് ആയ വ്യാസൻ ആണ് ഗീതയെ വിവാഹം ചെയ്തത്. പിന്നീട് 1999 ഒരു മകൻ ജനിച്ച ശേഷം 2002 ലാണ് ഗീത തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ അമ്മ വേഷങ്ങളാണ് ഗീതയ്ക്ക് ലഭിച്ചത്. കുടുംബത്തോടൊപ്പം ഇപ്പോൾ അമേരിക്കയിൽ ആണ് ഗീത താമസിക്കുന്നത്. ഇപ്പോൾ ഇതാ തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന ഒരു ദുരവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഗീത.
തന്നെക്കുറിച്ച് തമിഴ് ഇൻഡസ്ട്രിയൽ ഒരു തെറ്റായ വിവരം പ്രചരിക്കുന്നുണ്ട് എന്ന് പറയുകയാണ് ഗീത. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്. താൻ ഇന്ത്യയ്ക്ക് പുറത്തായതുകൊണ്ട് അഭിനയിക്കാൻ വരില്ല എന്നാണ് പ്രചരിക്കുന്നത് എന്ന് ഗീത പറയുന്നു. ഒരു ഫ്ലൈറ്റ് യാത്രയുടെ ദൂരം അല്ലേ ഉള്ളൂ വിളിച്ചാൽ താൻ തീർച്ചയായും വരും എന്നും ഗീത വ്യക്തമാക്കി. ഗീത അഭിനയിക്കാൻ വരില്ല എന്ന വാർത്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല. ധനുഷ് വിജയ് സേതുപതി എന്നിവരുടെ കൂടെ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വാരിസിൽ എന്തുകൊണ്ടാണ് അഭിനയിക്കാത്തത് നിങ്ങളല്ലേ വിജയുടെ അമ്മയായി തിളങ്ങിയ നടി എന്നൊക്കെ പലരും എന്നോട് ചോദിച്ചിരുന്നു.
ആരെ വിളിക്കണം എന്നത് സംവിധായകൻറെ ഇഷ്ടമാണ് എന്നാണ് അവരോട് പറഞ്ഞത്. അദ്ദേഹത്തിന് എന്നെ വിളിക്കാൻ തോന്നി കാണില്ലെന്നും ഗീത പറയുന്നു. അമേരിക്കയിൽ ജീവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും ഗീത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അമേരിക്കയിൽ പ്രൈവസി വളരെ കൂടുതലാണെന്ന് ഗീത പറയുന്നു. കടയിൽ പോകാം, ബസ്സിൽ യാത്ര ചെയ്യാം, സൂപ്പർമാർക്കറ്റിൽ പോകാം. സാക്ഷാൽ രജനീകാന്ത് പോലും തെരുവിലൂടെ നടന്നു പോയാൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കും. കൂടിവന്നാൽ കൂടെ നിന്നൊരു ഫോട്ടോ എടുക്കും അതിനപ്പുറം തിക്കി തിരക്കി ബഹളം ഒന്നും ഉണ്ടാകില്ല. പക്ഷേ നാട്ടിൽ അങ്ങനെയല്ല. അതിനെ ഒരു കുറ്റമായി പറയുകയല്ല. ഇവിടെയുള്ളവർ സിനിമ താരങ്ങളെ കാണുന്നത് വളരെ ആരാധനയോടെയാണ്. താരങ്ങളെ കണ്ടുമുട്ടണം എന്നതൊരു ആഗ്രഹമായി കൊണ്ടുനടക്കുന്നവരാണ് എന്നും ഗീത പറയുന്നു.