സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് സാഗർ സൂര്യ. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലും താരം പങ്കെടുത്തിരുന്നു. ഹൗസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി സാഗർ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് സാഗറിന്റെ പുറത്താക്കൽ പ്രേക്ഷകർ നോക്കി കണ്ടത്. ബിഗ് ബോസിൽ നിന്നും പുറത്തുവന്നെങ്കിലും സാഗറിന്റെ ആരാധക വൃന്ദത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. സാഗറിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇപ്പോൾ ഇതാ സാഗർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തൻറെ വീട്ടിൽ ജോലിചെയ്യുന്ന ചേച്ചിക്ക് ഒരു വീട് വെച്ചുകൊടുത്തിരിക്കുകയാണ് സാഗർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുക്കുക എന്നത് തൻറെ അമ്മയുടെ ആഗ്രഹമായിരുന്നു എന്നാണ് സാഗർ പറയുന്നത്. അതുകൊണ്ട് അമ്മയുടെ ഓർമദിവസം തന്നെ ആ വീടിൻറെ പണി പൂർത്തിയാക്കാൻ സാഗറിന് കഴിഞ്ഞു. ഇതിനുവേണ്ടി സംഭാവനകൾ തന്നു മറ്റുമായി സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയാനാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്നാണ് സാഗർ പറഞ്ഞത്.
പുതിയ വീടിന് മുന്നിൽ നിന്നുകൊണ്ടാണ് സാഗർ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഒരിക്കൽ സാഗറിനെ പറ്റി മനീഷ വീട്ടിലെ മറ്റ് അംഗങ്ങളോട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. സാഗറിന്റെ അമ്മ രണ്ടുവർഷം മുമ്പ് മരണപ്പെട്ടതാണ്. ഇതേക്കുറിച്ച് ആണ് മനീഷ സംസാരിച്ചത്. “അവന്റെ അമ്മയ്ക്ക് എന്റെ പ്രായമാണ്. തട്ടീം മുട്ടീം പരമ്പരയിൽ ഞാനും അവനും അമ്മയും മകനും ആണല്ലോ. എന്നെ കണ്ടാൽ അന്നുമുതൽ ഈ നിമിഷം വരെ അവൻ എന്നെ അമ്മയെന്നാണ് വിളിച്ചത്. മരിച്ച ദിവസം അന്ന് വെളുപ്പിന് മൂന്നുമണിയായപ്പോൾ അവന്റെ കോൾ വന്നു. എന്തോ പ്രശ്നം അവനുണ്ടെന്ന് തോന്നി.
ഫോണിൽ അവൻ അമ്മേ എന്ന് വിളിച്ചു. ഞാൻ ഭയങ്കര ഇമോഷണൽ ആണ്. എനിക്ക് അങ്ങ് വല്ലാതെയായി. അമ്മ എന്ന് വിളിക്കാനുള്ള ആളില്ലെന്ന് ബോധം ഉള്ളിൽ കിടക്കുമ്പോൾ അമ്മയെന്നു വിളിച്ചാൽ മതിയെന്ന് തോന്നി ഒരാളോട്. എന്താ മോനെ എന്ന് ചോദിച്ചു ഞാൻ. എനിക്ക് അമ്മ എന്ന് വിളിക്കാൻ തോന്നി അതുകൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞു. സ്ത്രീകൾ എല്ലാം കൂടിയിരുന്നു സംസാരിക്കുകയാണ് മനീഷ ഇതേപറ്റി സംസാരിച്ചത്.