മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്നസെൻറ്. നടൻ എന്നതിനപ്പുറം എംപി എന്ന നിലയിലും അദ്ദേഹത്തെ മലയാളികൾ ഓർത്തിരിക്കും. ഇന്നസെൻറ് കഥകൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ക്യാൻസറിനെ പോലും ചിരിച്ചുകൊണ്ട് നേരിട്ട് വ്യക്തിയായിരുന്നു അദ്ദേഹം. തമാശ കഥകൾ ആയിരുന്നു ഇന്നസെൻറ് എന്നും പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം ഒരിക്കലും എവിടെയും പറയാത്ത ഒരു കഥ പങ്കുവയ്ക്കുകയാണ് സത്യൻ അന്തിക്കാട്. ഇന്നസെൻറ് മരണത്തിനുശേഷം അദ്ദേഹത്തിൻറെ വീട്ടിൽ പോയതായിരുന്നു സത്യൻ അന്തിക്കാട്. ഈ സമയത്ത് ഇന്നസെൻ്റിൻ്റെ മകൻ സോണെറ്റിന് വന്നൊരു ഫോൺകോളിനെ തുടർന്നാണ് തന്നോട് പോലും ഇന്നസെന്റ് പറയാതിരുന്ന ആ കഥ സോണെറ്റിലൂടെ സത്യൻ അന്തിക്കാട് അറിയുന്നത്.
ആ കഥ ഇങ്ങനെയാണ്; എംപി ആയിരുന്ന കാലത്ത് ദുബായിൽ നിന്ന് അപരിചിതനായ ഒരാൾ ഇന്നസെന്റിനെ വിളിച്ചു. 30 വർഷമായി അയാൾ ദുബായി ജയിലിൽ കഴിയുകയാണ്. ഒരു ചതിയിൽപ്പെട്ടതായിരുന്നു ആ മനുഷ്യൻ. ഗൾഫിൽ ഒരു ജോലി സ്വപ്നം കണ്ട് ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് വിസ സംഘടിപ്പിച്ച ദുബായിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയ അയാളുടെ കയ്യിൽ ഒരു പരിചയക്കാരൻ ഒരു പൊതി ഏൽപ്പിച്ചു. ഗൾഫിലെത്തിയാൽ തൻറെ സുഹൃത്ത് വന്നത് വാങ്ങിക്കോളും എന്ന് അയാൾ പറഞ്ഞത്. വിലകൂടിയ മയക്കുമരുന്നായിരുന്നു അതിൽ. ദുബായ് എയർപോർട്ടിൽ പരിശോധനയിൽ പിടിക്കപ്പെട്ടു. അന്ന് ജയിലിൽ ആയതാണ്.
പിന്നെ പുറത്തിറങ്ങിയിട്ടില്ല. നീണ്ട 30 വർഷങ്ങൾ. അതിനിടയിൽ അയാളുടെ രക്ഷിതാക്കൾ മരിച്ചു. മക്കളുടെ കല്യാണം കഴിഞ്ഞു. അതൊന്നും കാണാൻ സാധിച്ചില്ല പുറത്തിറക്കാൻ ആരുമില്ലായിരുന്നു. എംപി എന്ന നിലയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചിട്ടാണ് അയാൾ വിളിച്ചത്. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് തൻ്റേ സെക്രട്ടറിയെ കൊണ്ട് ഒരു നിവേദനം തയ്യാറാക്കി. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സുരാജിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് ആ നിവേദനം കൊടുത്തു. സുഷമ സൂരാജ് അത് ഗൗരവമായി എടുത്തു. കേന്ദ്രത്തിലുള്ള ഇടപെടൽ ഉണ്ടായി. വൈകാതെ അയാൾ മോചിതനായി. നാട്ടിലെത്തിയ അയാൾ ഉടൻ ഇന്നസെന്റിനെ കണ്ടു കണ്ണീരോടെ നന്ദി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും വിളിക്കുന്നു.
ഇത്തവണ പറയാനുള്ളത് മറ്റൊരു സങ്കടമാണ്. ജോലി ഒന്നും കിട്ടുന്നില്ല പ്രായവും കുറച്ചായി ജീവിക്കാൻ ലോട്ടറി കച്ചവടം കൊള്ളാമെന്നുണ്ട് പക്ഷേ ഇരുപതിനായിരം രൂപയെങ്കിലും ഉണ്ടെങ്കിൽ അത് തുടങ്ങാൻ പറ്റും. ആരോട് ചോദിച്ചാല് കിട്ടുക ആരോടും ചോദിക്കേണ്ട ഞാൻ അയച്ചു തരാം എന്നാണ് ഇന്നസെൻറ് പറഞ്ഞത്. കൊടുത്ത ഇരുപതിനായിരം രൂപയിൽ നിന്ന് അയാളും കുടുംബജീവിതം തുടങ്ങി. അവസാനമായി ഒരു നോക്കു കാണാൻ ജനക്കൂട്ടത്തിനിടയിൽ താനും ഉണ്ടായിരുന്നു എന്നു പറഞ്ഞു അയാൾ. കരച്ചിൽ കൊണ്ട് വാക്കുകൾ മുറിഞ്ഞിട്ടാണ് ഫോൺ വെച്ചത്. നമ്മളോട് പറഞ്ഞിട്ടില്ലാത്ത നന്മയുടെ കഥകൾ ഇനിയും ഉണ്ടാകും. സ്വയം കളിയാക്കുന്ന കഥകളെ ഇന്നസെൻറ് പറയാറുള്ളൂ. കേൾക്കുന്നവർക്ക് അതാണ് ഇഷ്ടമെന്ന് അദ്ദേഹത്തിന് അറിയാമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.