തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിയുടെ പിറന്നാളായിരുന്നു ഇന്നലെ. 53 വയസ്സ് പൂർത്തിയായ അരവിന്ദ് സ്വാമിക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. തമിഴ് സിനിമ രംഗത്ത് നടൻ മാധവനു മുൻപ് റൊമാന്റിക് ഹീറോയായി വാഴ്ത്തപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. റോജ എന്ന മണി രത്നം ചിത്രമാണ് നടന്റെ കരിയറിൽ ഇന്നും ആരാധകർ എടുത്തുപറയുന്ന സിനിമ. മണിരത്നത്തിന്റെ ദളപതി എന്ന സിനിമയിലാണ് അരവിന്ദ് ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ നടന്റെ പ്രകടനം കണ്ട മണി രത്നം റോജയിൽ അരവിന്ദ് സ്വാമിയേ നായകനാക്കി. റോജയ്ക്ക് ശേഷം ബോംബെ എന്ന സിനിമയിലും സംവിധായകൻ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തു. അരവിന്ദ് സ്വാമി ആഘോഷിക്കപ്പെട്ട കാലമായിരുന്നു അത്.
ബോളിവുഡിൽ നിന്ന് നടന് അവസരങ്ങൾ വന്നു. എന്നാൽ രണ്ടായിരത്തോടെ നടൻ അഭിനയരംഗം വിട്ടു. തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറിനിന്നു. പിന്നീട് 2013ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരികെ എത്തുന്നത്. 2015ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു. ഇടവേളയെടുത്ത കാലത്തെക്കുറിച്ച് അരവിന്ദ് സ്വാമി മുൻപ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമ നടൻ എന്ന നിലയിലുള്ള പ്രശസ്തി തനിക്ക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല. ഇക്കാര്യം കൊണ്ടാണ് അഭിനയരംഗം വിട്ടത് എന്നാണ് അരവിന്ദ് സ്വാമി അന്ന് പറഞ്ഞത്. ജനശ്രദ്ധയും സ്വീകാര്യതയും ഇല്ലാത്തതും ബുദ്ധിമുട്ടായി.
അഭിനയം ആസ്വദിച്ചിരുന്നു എങ്കിലും സ്റ്റാർഡം കൈകാര്യം ചെയ്യാൻ അറിയില്ലായിരുന്നു. പിന്നീട് ബിസിനസ് തുടങ്ങി. വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ച ബിസിനസ് 2005ൽ നിർത്തി. കുട്ടികളെ ഒറ്റയ്ക്ക് വളർത്തേണ്ട സാഹചര്യം വന്നപ്പോൾ അതിനായി സമയം മാറ്റിവെച്ചു. ഇതിനിടെ ആക്സിഡൻറ് സംഭവിച്ചു. സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹം അന്നൊന്നും ഇല്ലായിരുന്നുവെന്നും അരവിന്ദ് സ്വാമി തുറന്നു പറഞ്ഞു. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷം കുട്ടികളുടെ സംരക്ഷണ ചുമതല അരവിന്ദ് സ്വാമിക്ക് ആയിരുന്നു. 1994 ലാണ് അരവിന്ദ് സ്വാമി വിവാഹിതനായത്. ഗായത്രി രാമമൂർത്തി ആയിരുന്നു ഭാര്യ. ഇരുവരും 2010 വേർപിരിഞ്ഞു 2012 നടൻ രണ്ടാമത് വിവാഹിതനായി.
അപർണ മുഖർജിയാണ് അരവിന്ദ് സ്വാമി വിവാഹം ചെയ്തത്. അതിനിടയിൽ അപകടത്തിൽ പരിക്കുപറ്റി ഏറെ നാൾ ചികിത്സയിലായിരുന്നു നടൻ. പരിക്കുകൾ ഭേദമായ ശേഷമാണ് സിനിമാരംഗത്തേക്കുള്ള തിരിച്ചുവരവ്. തൻറെ തിരിച്ചുവരവിനെ കുറിച്ച് അരവിന്ദ് സ്വാമി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. കടൽ എന്ന സിനിമയാണ് തിരിച്ചുവരവിൽ ആദ്യം ചെയ്തത് എന്നാൽ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പരാജയ ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്തുനിന്നും മടങ്ങാൻ താല്പര്യമില്ലാത്തതിനാൽ ആണ് തുടർന്നും സിനിമകൾ ചെയ്യാൻ തീരുമാനിച്ചത് എന്ന് അന്ന് അരവിന്ദ് സ്വാമി തുറന്നു പറഞ്ഞിരുന്നു.
കടലിനു ശേഷം ചെയ്ത തനി ഒരുവൻ എന്ന സിനിമയാണ് രണ്ടാം വരവിൽ ശ്രദ്ധ നേടിക്കൊടുത്തത്. വൻ ഹിറ്റായ സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ വേഷമാണ് അരവിന്ദ് ചെയ്തത്. പിന്നീട് കൈ നിറയെ അവസരങ്ങൾ അരവിന്ദ് സ്വാമിയെ തേടി വന്നു. തലൈവി എന്ന സിനിമയിൽ ചെയ്തവേഷവും വൻ ശ്രദ്ധ നേടിയിരുന്നു.