ക്ഷേമ പെൻഷൻ നേരിട്ട് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ പെൻഷൻ ഉപഭോക്താക്കൾക്ക് ആശങ്ക തുടങ്ങി. കേന്ദ്രം നേരിട്ട് വിതരണം തുടങ്ങിയതോടെ പെൻഷൻ വിതരണ സംവിധാനം അവതാളത്തിൽ ആകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. പെൻഷന്റെ സംസ്ഥാന സർക്കാർ വിഹിതം ലഭിച്ച പലരും കേന്ദ്രസർക്കാരിന്റെ വിഹിതത്തിനായി വിഷു കഴിഞ്ഞിട്ടും കാത്തിരിക്കുകയാണ്. ചിലർക്ക് രണ്ടു മാസത്തെ പെൻഷന്റെ സംസ്ഥാന വിഹിതം ലഭിച്ചു എങ്കിലും ഒരു മാസത്തെ കേന്ദ്ര വിഹിതം കിട്ടിയിട്ടുള്ളൂ. ചിലർക്ക് ആകട്ടെ സംസ്ഥാന വിഹിതം കിട്ടിയെങ്കിലും ഇതുവരെ കേന്ദ്രവിഹിതം ഒട്ടും തന്നെ കിട്ടിയിട്ടില്ല.
ചുരുക്കത്തിൽ ക്രെഡിറ്റ് എടുക്കാൻ വേണ്ടി കേന്ദ്രസർക്കാർ നേരിട്ട് രംഗത്ത് വന്നതോടെയാണ് പെൻഷൻ പദ്ധതി അവതാളത്തിൽ ആയിരിക്കുന്നത്. വാർദ്ധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഈ മാസം മുതലാണ് കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്രവിഹിതം കേന്ദ്രസർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ പണത്തിന് ക്രെഡിറ്റും സംസ്ഥാനം കൊണ്ടുപോകുന്നു എന്ന പരാതിയായിരുന്നു ഇക്കാര്യത്തിൽ കേന്ദ്രത്തിന്. ഇതേ തുടർന്ന് പെൻഷൻ കൈപ്പറ്റുന്നവരുടെ ഡാറ്റ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി. ഈ ഡാറ്റ ബേസ് ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ തങ്ങളുടെ പെൻഷൻ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത്.
പരിഷ്കാരം വിജയകരമായി നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാറിന്റെ ഒരുമാസവിഹിതം കിട്ടിയവർക്ക് ഇനി ഒരു മാസത്തെ വിഹിതം കൂടി കിട്ടുമോ എന്ന് ഉറപ്പില്ല. ഇതേക്കുറിച്ച് വ്യക്തമായ മറുപടി എവിടെ നിന്നും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ മാസം മുതൽ കേന്ദ്രപരിഷ്കരണം കൊണ്ടുവന്നതിനാൽ കുടിശ്ശിക ഒഴിവാക്കി ഈ മാസം മുതലുള്ള പെൻഷൻ മാത്രമേ കേന്ദ്രം നൽകുമെന്ന് സൂചനയാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്നത്. ഇതോടെ കുടിശിക മൂന്നുമാസ ക്ഷേമപെൻഷന്റെ കേന്ദ്രവിഹിതം കിട്ടുന്ന കാര്യം പരുങ്ങലിലായി. സംസ്ഥാന സർക്കാർ വിതരണം ചെയ്ത ക്ഷേമപെൻഷന്റെ കേന്ദ്രവിഹിതമായി 460 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കാനും ഉണ്ട്. ആകെ അര കോടി പേർക്കാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്.
ഇതിൽ 4.7 ലക്ഷം പേർക്കാണ് കേന്ദ്ര വിഹിതം നൽകുന്നത്. 200 രൂപ മുതൽ 500 രൂപ വരെയാണ് കേന്ദ്ര വിഹിതം. പണം കൈമാറുന്നതിനു മുന്നോടിയായി ഒരു രൂപ നിക്ഷേപിച്ചത് കൊണ്ട് പരീക്ഷണം നടത്തിയിരുന്നെങ്കിലും പെൻഷൻ തുക അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള ശ്രമം പാളുകയായിരുന്നു. കേന്ദ്രവിഹിതമായി 200 രൂപ മുതൽ 500 രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. തകരാർ പരിഹരിച്ച് ഉടൻ കേന്ദ്ര വിഹിതം അക്കൗണ്ടിൽ നിക്ഷേപിക്കും എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. സംസ്ഥാനത്ത് ആകെ അര കോടിയോളം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്. മുൻപല്ലാവർക്കും 1600 രൂപ വീതം കേരളം നൽകിയശേഷം പിന്നീട് കേന്ദ്രത്തിൽ നിന്ന് വിഹിതം വാങ്ങുകയാണ് ചെയ്തിരുന്നത്.
എന്നാൽ ഇനി കേന്ദ്രവും കേരളവും വെവ്വേറെ പണം നിക്ഷേപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഗ്യാസ് സബ്സിഡി പോലെ ആകുമോ കേന്ദ്ര പെൻഷൻ വിഹിതം എന്ന ആശങ്ക പോലും പെൻഷൻകാർ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹർ എന്ന് കണ്ടെത്തിയ വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് ക്ഷേമപെൻഷൻ വാങ്ങാൻ അർഹതയുള്ളത്. എന്നാൽ പെൻഷൻ വിതരണത്തിന് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ 6.5 ലക്ഷം ആളുകളാണ് അത് സമർപ്പിക്കാതിരുന്നത്.
സമർപ്പിച്ചവരിൽ അരലക്ഷം ആളുകളുടെ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണ്. 2019 ഡിസംബർ വരെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന 47 ലക്ഷം പേരിലാണ് ഇത്രയും പേർ അനർഹരാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ എല്ലാവർഷവും വരുമാന സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. അനർഹരെ മാറ്റിയുള്ള അടുത്ത പരിശോധന 2023 ജൂണിലാണ് പുറത്താക്കുക. ജൂലൈ മുതൽ വരെയുള്ള പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാകും. അതേസമയം ക്ഷേമപെൻഷൻ അർഹതയുള്ള ലക്ഷക്കണക്കിനാളുകൾ പുറത്തുനിൽക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.