സഹസംവിധായകനായി മലയാള സിനിമയിലെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സംവിധായകനായും നടനായും മലയാളികളുടെ മനം കവർന്ന താരമാണ് ബേസിൽ ജോസഫ്.മിന്നൽ മുരളി,ജയ ജയ ജയ ഹേ എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങളാണ് ഈ വർഷം ബേസിലിന്റേതായി ഉള്ളത്. കൂടാതെ പാൽത്തൂ ജാൻവർ,ജാൻ എ മൻ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവും ബേസിലിനെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു. മിന്നൽ മുരളി ചിത്രത്തിലൂടെ ഏഷ്യൻ അക്കാദമി മികച്ച സംവിധായക പുരസ്കാരവും ബേസിൽ നേടിയിരുന്നു.ഇപ്പോൾ വോൾവോയുടെ ആഡംബര എസ്യുവിയായ എക്സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ് താരം.
കൊച്ചിയിലെ വോൾവോ ഡീലറിൽ നിന്നാണ് ബേസിലും ഭാര്യ എലിസബത്തും ചേർന്ന് വാഹനത്തിൻറെ കീ വാങ്ങിയത്.മിന്നൽ മുരളി പുറത്തിറങ്ങി ഒരു വർഷം തികയുമ്പോഴാണ് ബേസിൽ പുതിയ കാർ സ്വന്തമാക്കുന്നത്.ഏകദേശം 97 ലക്ഷത്തോളം രൂപയാണ് എക്സ് സി 90 യുടെ എക്സ് ഷോറൂം വില.300 ബിഎച്ച്പിയും 420 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്ററിന്റെ മൈൽഡ് ഹൈബ്രിഡ് എൻജിനാണ് എക്സ് സി 90 യുടെ കരുത്ത്.8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് വാഹനത്തിനുള്ളത്.
സേഫ്റ്റിയുടെ പേരിൽ പേരുകേട്ട വാഹനം നിർമ്മാതാക്കളാണ് വോൾവോ.അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ,ക്രോസ് ട്രാഫിക് അലേർട്ടോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ,360 ഡിഗ്രി ക്യാമറ, ലെയ്ൻ കീപ്പ് അസിസ്റ്റ്,പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.നൂതന എയർ പ്യൂരിഫയർ,ഇൻ ബിൽഡ് ഗൂഗിൾ സേവനങ്ങൾ,വയേർഡ് ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി,ഹെഡ്സ് അപ്പ് ഡിസ്പ്ലേ,19 സ്പീക്കർ ബോവേഴ്സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം എന്നിവയും എക്സ് സി 90 യിൽ ഉണ്ട്.
എക്സ്സി 90 യിലെ നൂതന സാങ്കേതിക വിദ്യകൾ ഡ്രൈവർക്ക് കൂടുതൽ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുന്നു. റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ് അപ്പ് ഡിസ്പ്ലേയിലൂടെ ഡ്രൈവര്ക്ക് വേഗത കാണുവാനും നാവിഗേഷൻ പിന്തുടരുവാനും ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും മറ്റും സാധിക്കുന്നു.ഡിസൈൻ തടി,ക്രിസ്റ്റൽ, ലോഹം തുടങ്ങിയ ഹൈ എൻഡ് മെറ്റീരിയലുകളിൽ നിർമ്മിച്ചിട്ടുള്ള വോൾവോ ലോകോത്തര സുരക്ഷയാണ് പ്രദാനം ചെയ്യുന്നത്.