ചെക്ക് കേസിൽ മാത്രം 50,000 ദിർഹംസ്. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നാലുവർഷം അധികം താമസിച്ചതിന്റെ കുടിശിക. എല്ലാംകൂടി 26 ലക്ഷം രൂപ. നാലുവർഷമായി രണ്ട് നായ്ക്കൾക്കും അമ്മയുടെ ചിതാഭസ്മയ്ക്കും ഒപ്പം കാറിൽ കഴിഞ്ഞിരുന്ന പ്രിയക്ക് ഈ ജന്മം തീർക്കാനാവാത്ത ബാധ്യത. ദൈവം ഏത് രൂപത്തിലും എത്താം എന്നല്ലേ. എന്നാൽ പ്രിയക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത് പഞ്ചാബ് സ്വദേശിനി ജസ്ബീർ ബാസിയുടെ രൂപത്തിൽ. ലണ്ടനിൽ നിന്നടക്കം മൂന്ന് ഡിഗ്രികൾ കരസ്ഥമാക്കിയ വനിതയുടെ നരകതുല്യ ജീവിതം വിവരിച്ചുകൊണ്ടുള്ള എഡിറ്റോറിയൽ റിപ്പോർട്ട് കാണാനിടയായ തൃശ്ശൂർ സ്വദേശി ബിജുവാണ് തന്റെ കമ്പനി ഉടമയെ കാര്യം ധരിപ്പിച്ചത്.
ഉടൻ പ്രിയയെ ഓഫീസിലേക്ക് ക്ഷണിച്ചു. സഹായം കൈമാറിയതോടൊപ്പം തൻറെ സ്ഥാപനമായ കാർ ഫെയറിൽ തൊഴിലും നൽകി. കഴിഞ്ഞില്ല, എ സി ഇല്ലാത്ത പൊട്ടിപ്പൊളിഞ്ഞ കാറിനു പകരം പുതിയ കാറും. എല്ലാ സഹായവും സ്വീകരിച്ച പ്രിയ പുതിയ കാർ എന്ന സമ്മാനം സന്തോഷ പൂർവ്വം നിരസിച്ചു. കാരണം അവസാന നാളുകളിൽ അമ്മ സഞ്ചരിച്ച ആ വാഹനം അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. സഹായം കയ്യിലെത്തിയിട്ടും തന്റെ ജീവിതം മാറിമറിഞ്ഞ കാര്യം വിശ്വസിക്കാൻ ഇപ്പോഴും അവർക്ക് ആയിട്ടില്ല.
എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച് വാർത്തയെത്തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് കൂടി ഇടപെട്ടതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. നാലുവർഷത്തിനുശേഷം പ്രിയ അങ്ങനെ പുഞ്ചിരിച്ചു. എഡിറ്റോറിയൽ വാർത്ത പുറത്തുവിട്ട മൂന്നാഴ്ചക്കുള്ളിൽ ആണ് തെരുവിൽ കഴിഞ്ഞ പ്രിയയുടെ ജീവിതത്തിന് നിറം പകരാൻ സാധിച്ചത്. സഹായഹസ്തവുമായി എത്തിയ മനുഷ്യത്വം മരിക്കാത്ത ഓരോ മനസ്സുകൾക്കും പ്രിയ ഹൃദ്യസ്ഥമായി നന്ദി പറഞ്ഞു.
രണ്ടാം വയസ്സിൽ അച്ഛനും അമ്മയ്ക്കും ദുബായിലെത്തിയതാണ് പ്രിയ. ഒരു ആഡംബര വില്ലയിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളർന്നവർ. അച്ഛൻറെ ആകസ്മിക മരണത്തിന് പിന്നാലെ അമ്മയും കിടപ്പിലായി. ഏഴുവർഷത്തോളം രോഗശയ്യയിൽ. ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കിയപ്പോൾ കടം പെരുകി. ബിസിനസും തകർന്നു. വീടിൻറെ വാടക അടയ്ക്കാൻ പറ്റാത്ത ആയതോടെ ചെക്ക് മടങ്ങി.
കേസ് ആയി. അമ്മയുടെ മരണത്തോടൊപ്പം പ്രിയയ്ക്കും 19 വർഷം താമസിച്ച വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പക്ഷേ മാതാപിതാക്കളുടെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്ന പരിസരം വിട്ടു പോകാൻ അവർ കൂട്ടാക്കിയില്ല. കഴിഞ്ഞ നാലുവർഷമായി വില്ലയ്ക്ക് പുറത്താണ് ഒരു കാറിലാണ് പ്രിയ കഴിയുന്നത്. ഇന്ന് ഇതാ പ്രിയയുടെ ദുഃഖങ്ങളെല്ലാം സന്തോഷത്തിന് വഴിയൊരുക്കുകയാണ്.