പഴയ പല എവർഗ്രീൻ ചിത്രങ്ങളും ഒന്നുകൂടെ തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പല സിനിമ പ്രേമികളും.അടുത്തിടെ ചില ചിത്രങ്ങൾ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാളത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ തകർത്താടിയ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ആടുതോമയുടെ റീമാസ്റ്ററിംഗ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ തമിഴിൽ തന്നെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബാബ എന്ന ചിത്രവും ഇത്തരത്തിൽ റീമാസ്റ്ററിംഗ് ചെയ്ത് പ്രദർശനത്തിന് എത്തിയിരുന്നു.
ഇപ്പോഴിതാ ബാബ റിമാസ്റ്ററിംഗ് ചെയ്ത് പുറത്തിറക്കിയ സംവിധായകൻ സുരേഷ് കൃഷ്ണ തന്റെ മറ്റൊരു ചിത്രമായ കമലഹാസൻ നായകനായി എത്തിയ ആളവന്താനും റിമാസ്റ്ററിംഗ് ചെയ്ത് തിയേറ്ററുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ്. 2001 ലാണ് സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിയത്.90 കളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സുരേഷ് കൃഷ്ണ.എന്നാൽ അദ്ദേഹത്തിൻറെ പ്രതീക്ഷയ്ക്കൊക്കെ വിജയം കൈവരിക്കാതെ പോയ ചിത്രങ്ങളാണ് ബാബയും,ആളവന്താനും.
ബാബയുടെ മികച്ച റീ റിലീസിംഗ് വിജയത്തെ തുടർന്നാണ് ആളവന്താനും വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനുള്ള സുരേഷ് കൃഷ്ണയുടെ നീക്കം.വി ക്രിയേഷന്‍സിന്റെ എസ് താണു ആണ് ചിത്രം നിർമ്മിച്ചിരുന്നത്.ആഗോളതലത്തിൽ വൻ റിലീസ് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.ആഗോളതലത്തിൽ ഏതാണ്ട് ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം എത്തിക്കാൻ ശ്രമിക്കുന്നത്.പഴയകാല ചിത്രങ്ങൾ വീണ്ടും തിയേറ്ററുകൾ എത്തുന്നതും പ്രേക്ഷകർ അതിനെ ഏറ്റെടുക്കുന്നതും ആളവന്താന് ഗുണകരമായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ കണക്കുകൂട്ടുന്നത്.
വിജയ് എന്ന വിജയ് കുമാര്‍,നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലായിരുന്നു ചിത്രത്തിൽ കമലഹാസൻ എത്തിയിരുന്നത്.റിലീസ് ചെയ്ത സമയത്ത് തന്നെ സാങ്കേതികപരമായ മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആളവന്താൻ. വിദേശത്തുനിന്നുള്ള പല ടെക്നീഷ്യൻസും അന്ന് ചിത്രത്തിൻറെ ഭാഗമായിരുന്നു.ചിത്രത്തിൻറെ റീ റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ ഒരു പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.ഭദ്രൻറെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ സ്പടികത്തിന്റെ റീമാസ്റ്ററിംഗ് പതിപ്പ് ഫെബ്രുവരി 9നാണ് റിലീസിന് എത്തുക.