തെലുങ്ക് സിനിമ ലോകത്തെ ആദ്യകാല നടനും സംവിധായകനുമായ കെ വിശ്വനാഥ് അന്തരിച്ചു.വാണിജ്യ ചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനായിരുന്നു കാശിനാധുണി വിശ്വനാഥ് എന്ന കെ.വിശ്വനാഥ്. കുറച്ചുനാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്തരിച്ചത്.ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ.
1930 ഫെബ്രുവരി 19ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കെ.വിശ്വനാഥ് ജനിച്ചത്.ഗുണ്ടൂർ ഹിന്ദു കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ചു,കൂടാതെ ആന്ധ്രാ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎസ്സി ബിരുദവും നേടി.മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.1951ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹ സംവിധായകനായി അരങ്ങറ്റം കുറിച്ചു.1965ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വിശ്വനാഥിന്റെ ചിത്രങ്ങളേറെയും സംഗീതത്തിന് പ്രാധാന്യം നൽകി ഉള്ളവയായിരുന്നു.
1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന സിനിമയാണ് വിശ്വനാഥിനെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു ശങ്കരാഭരണം.കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് പറഞ്ഞ ചിത്രം അവിശ്വസനീയമായ വിജയമായിരുന്നു നേടിയത്.ചിത്രം മലയാളത്തിൽ അടക്കം നിരവധി ഭാഷകളിലാണ് മൊഴി മാറ്റി പ്രദർശനത്തിന് എത്തിയത്.1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമല പുരസ്കാരവും ചിത്രം സ്വന്തമാക്കി.ഏകദേശം 50 ഓളം ചിത്രങ്ങൾ അദ്ദേഹം തൻറെ കരിയറിൽ സംവിധാനം ചെയ്തിട്ടുണ്ട്.
1992 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം അഞ്ച് തവണ ദേശീയ പുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.2016 ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് കെ വിശ്വനാഥന് ലഭിച്ചിട്ടുണ്ട്.മമ്മൂട്ടി, കമൽഹാസൻ,ചിരഞ്ജീവി തുടങ്ങിയ താരങ്ങളെല്ലാം അനുശോചനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി വിശ്വനാഥ് സംവിധാനം ചെയ്ത സ്വാതികിരണം അദ്ദേഹത്തിൻറെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങൾ ഒന്നായിരുന്നു.