മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ഭദ്രൻ മോഹൻലാൽ കൂട്ടുകെട്ട്.ആ ഹിറ്റ് ചിത്രങ്ങളുടെ നിരയിൽ എന്നും മുൻ നിരയിലാണ് മലയാളത്തിലെ എക്കാലത്തെ മികച്ച മാസ് ക്ലാസിക്കൽ ചിത്രമായ സ്പടികം.റിലീസ് ചെയ്ത് 28 വർഷത്തിനുശേഷം ഇപ്പോൾ ഡിജിറ്റൽ റീമാസ്റ്റർ ചെയ്തു വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് സ്പടികം. ഫെബ്രുവരി മാസം ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ഇപ്പോഴിതാ താൻ വീണ്ടും മോഹൻലാലിനൊപ്പം ഒന്നിക്കുന്ന ചിത്രത്തിൻറെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. ഇപ്പോൾ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ഇനി സംവിധാനം ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങളിൽ ഒന്നിൽ മോഹൻലാൽ ആയിരിക്കും നായകൻ എന്ന് ഭദ്രൻ വെളിപ്പെടുത്തിയത്.ജൂതൻ എന്ന ചിത്രത്തിൻറെ സ്ക്രിപ്റ്റ് പൂർത്തിയായിരിക്കുകയാണെന്നും മോഹൻലാൽ നായകനാകുന്ന ചിത്രവും ഉടൻ സംഭവിക്കും എന്നാണ് ഭദ്രൻ പറഞ്ഞത്.ജിം കെനി എന്നായിരിക്കും ഈ ചിത്രത്തിലെ മോഹൻലാലിൻറെ പേര്.
ശക്തമായ കഥാപാത്രങ്ങൾ ഉള്ള ഒരു റോഡ് ത്രില്ലർ എന്റർടൈനർ എന്ന രീതിയിലായിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നും ഭദ്രൻ പറഞ്ഞു.പ്രണയ മുഹൂർത്തങ്ങളും അതുപോലെതന്നെ വൈകാരികമായ രംഗങ്ങൾക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയായിരിക്കും ചിത്രം എത്തുക എന്നാണ് ഭദ്രൻ നൽകുന്ന സൂചന.ഈ വർഷാവസാനം ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും എന്ന് അദ്ദേഹം നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.നിർമ്മാണ കമ്പനിയായ ജനത പിക്ചേഴ്സ് പ്രഖ്യാപിച്ച ചിത്രങ്ങളിൽ ഒന്നിന്റെ സംവിധായകനായി ഭദ്രനെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഈ പ്രോജക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നിർമ്മാണ കമ്പനി പുറത്തു വിട്ടിട്ടില്ല.ആധുനിക സാങ്കേതിവിധികളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി സ്ഫടികത്തിൻറെ അടിസ്ഥാനപരമായ മൂല്യം നഷ്ടപ്പെടാതെ ചിത്രം ഫോർ കെയിൽ റിമാസ്റ്ററിങ്ങ് ചെയ്യുകയാണ് അണിയറ പ്രവർത്തകർ.ഇതിനായി സംവിധായകൻ ഭദ്രൻ ഉൾപ്പെടുന്ന ജോമെട്രിക്സ് എന്ന നിർമ്മാണ കമ്പനി നേരത്തെ രൂപീകരിച്ചിരുന്നു.ചിത്രത്തിലെ ഒരു ഗാനത്തിനുവേണ്ടി മോഹൻലാലും കേസ് ചിത്രയും വീണ്ടും പാടുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.