നാമോരോരുത്തരും പല്ലുവേദന കൊണ്ടും അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കൊണ്ടും പ്രശ്നങ്ങൾ അനുഭവിക്കുന്നവരാകാം.ഇന്ന് ഫെബ്രുവരി 9 ദേശീയ പല്ലുവേദന ദിനമാണ്.പല്ലുവേദനയുടെ പൊതുവായ കാരണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്.പല്ലുകളിൽ ഉണ്ടാകുന്ന പലതരം അണുബാധകളും കൂടാതെ കൃത്യമായി പല്ല് തേക്കാതെ ഇരിക്കുന്നതും ഒക്കെ പല്ലിൻറെ ആരോഗ്യത്തെ ബാധിച്ചേക്കാം.
പല്ലുവേദനയുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ വായുടെ ആരോഗ്യം സംരക്ഷിക്കാനും അനാവശ്യമായ വേദനയും അസ്വസ്ഥതയും ഒഴിവാക്കാനും സഹായിക്കുന്നു.കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽ വരെ പലരീതിയിലും പല കാരണങ്ങൾ കൊണ്ടും പല്ലുവേദന ഉണ്ടായേക്കാം.നമ്മുടെ പല്ലുവേദന രണ്ടുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉറപ്പായും വിദഗ്ധ ചികിത്സ തേടേണ്ടതാണ്.ഈ സാഹചര്യത്തിൽ പല്ലുവേദനയുടെ ഏറ്റവും അടിസ്ഥാനമായ കാരണങ്ങളെക്കുറിച്ച് നമുക്ക് അറിയാം.
സാധാരണയായി ചെറിയ രീതിയിലുള്ള വേദനകൾ ഒക്കെ പല്ലുകൾക്ക് ഉണ്ടായേക്കാം.പക്ഷേ ചില ബാക്ടീരിയകൾ പല്ലിൻറെ ഞരമ്പിൽ എത്തുന്നത് മൂലം അത് കഠിനമായ വേദനയിലേക്ക് നയിച്ചേക്കാം. പല്ലിൻറെ റൂട്ട് കനാൽ ചികിത്സയിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.പല്ലുവേദന ഉണ്ടാകുന്നതിലൂടെ വായിലെ അസ്ഥികൾക്കും മോണകൾക്കും വേദന ഉണ്ടാകാം.ഇത്തരം വേദനകൾ രക്തസ്രാവ ഘട്ടത്തിലേക്ക് പോകുന്നതിനു മുമ്പ് നിയന്ത്രിക്കേണ്ടതുണ്ട്.
അപകടത്തിൽ പല്ല് നഷ്ടപ്പെടുന്നത് വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ്.ആഘാതത്തിന്റെ സ്വഭാവമനുസരിച്ച് ഇത് ധാരാളം രക്തസ്രാവവും വീക്കവും ഉണ്ടാകാം.ഉപ്പുവെള്ളം കവിൾ കൊള്ളുക,വേദന കുറയ്ക്കാൻ തണുത്ത തുണിയോ ഐസ് പായ്ക്കോ കൊണ്ട് മുഖത്ത് തടവുക,വെളുത്തുള്ളി അല്ലി ചതച്ചിട്ടുള്ള പേസ്റ്റ് നേരിട്ട് വേദനയുള്ള ഭാഗത്ത് തേക്കുക,ഗ്രാമ്പൂ ഓയിൽ ഒരു കോട്ടൺ പഞ്ഞിയിൽ പുരട്ടി,അത് വേദന ബാധിച്ച സ്ഥലത്ത് നേരിട്ട് പുരട്ടുക എന്നീ മാർഗങ്ങൾ പല്ലുവേദന കുറയ്ക്കാൻ സഹായിക്കുന്നു.