മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്റെ ‘പ്രാവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്തു. തകഴി രാജശേഖരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാലാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിൻറെ പോസ്റ്റർ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ അവധിക്കാലാഘോഷത്തിൽ ആയിരുന്ന മമ്മൂട്ടി ഹൊബാർട്ട് നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് ചിത്രത്തിൻറെ പോസ്റ്റർ പ്രകാശനം ചെയ്തത്.ചിത്രത്തിൻറെ ഷൂട്ടിംഗ് തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു.
അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ മനോജ് കെ യു,സാബുമോൻ,അബ്ദുസമദ്, ആദർശ് രാജ,അജയൻ തകഴി,നിഷാ സാരംഗ്, യാമി സോന,ഡിനി ഡാനിയൽ,ടീന സുനിൽ, അലീന,ഗായത്രി നമ്പ്യാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.ആൻറണി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോവിൻ ജോൺ ആണ്.
തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പും ഞാൻ ഗന്ധർവനും മൂന്നാം പക്കവും തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളാണ് പത്മരാജൻ മാജിക്കായി ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നത്.അദ്ദേഹത്തിൻറെ എഴുത്തിനെയും കഥകളെയും ഇനിയും മലയാള സിനിമ പ്രയോജനപ്പെടുത്താനുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് പ്രാവ് എന്ന സിനിമ ജനിക്കുന്നത്.
കഥകളുടെ ലോകത്ത് നിന്ന് പത്മരാജൻ വിട പറഞ്ഞിട്ട് 23 വർഷം തികയുന്ന ഈ സാഹചര്യത്തിലും അദ്ദേഹത്തിൻറെ കഥകളുടെ പ്രാധാന്യം ഇന്നും നിലനിൽക്കുന്നു.മലയാളികളുടെ ആസ്വാദന രീതികളെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ സിനിമകളും. പത്മരാജന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയായ നവാസ് അലിയാണ്.