കെജിഎഫിന്റെ വമ്പൻ ഹിറ്റിന് ശേഷം തമിഴിൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ഹോംബാലെ ഫിലിംസ്.കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.’രഘു താത്ത’ എന്നാണ് ചിത്രത്തിന്റെ പേര്.’വിപ്ലവം ആരംഭിക്കുന്നത് വീട്ടിൽ നിന്നും’എന്ന് കുറിച്ചു കൊണ്ടാണ് ടൈറ്റിൽ പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്
സുമാന് കുമാറാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന’സലാറാണ്’ ഹോംബാലെ ഫിലിംസിന്റേതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.കാന്താരയാണ് ഹോംബാലെ ഫിലിംസിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും കാന്താര മികച്ച വിജയമാണ് നേടിയത്.
ഫഹദ് ഫാസിൽ അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പവൻകുമാർ സംവിധാനം നിർവഹിക്കുന്ന’ധൂമം’എന്ന ചിത്രവും ഹോംബാലെയാണ് നിർമ്മിക്കുന്നത്.മലയാളം, കന്നട,തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.കന്നട സിനിമയുടെ മാറ്റത്തിന്റെയും വളർച്ചയുടെയും പ്രതീകം കൂടിയാണ് ഇപ്പോൾ ഹോംബാലെ ഫിലിംസ്.മികച്ച സംവിധായകരും താരങ്ങളും ആണ് നിർമ്മാണ കമ്പനിയോടൊപ്പം മികച്ച ചിത്രങ്ങൾ ഒരുക്കുന്നതിന് അണിനിരക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന’ടൈസൺ’എന്ന മറ്റൊരു ചിത്രവും ഹോംബാലെ നിർമ്മിക്കുന്നുണ്ട്. ചിത്രത്തിൻറെ സംവിധാനം പൃഥ്വിരാജ് തന്നെയാണ് നിർവഹിക്കുന്നത്.കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് മുരളി ഗോപിയാണ്.മലയാളത്തിൽ ലൂസിഫറിൻറെ വൻ ഹിറ്റിനു ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുമ്പോൾ അത് മറ്റൊരു ഹിറ്റായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.