കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതണ്ട 2 വിലൂടെ മലയാളത്തിന്റെ പ്രിയ താരം നിമിഷ സജയൻ തമിഴിലേക്ക് എത്തുന്നു.2014 ൽ പുറത്തിറങ്ങി മികച്ച അഭിപ്രായം നേടി ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് ജിഗർതണ്ട.ചിത്രം പിന്നീട് മറ്റ് ഇതര ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.അവസാനമായി ഹിന്ദിയിൽ അക്ഷയ് കുമാർ നായകനായി ബച്ചൻ പാണ്ഡെ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
പുതിയ ചിത്രം പഴയ കഥയുടെ തുടർച്ച അല്ലെന്നും പുതിയ കഥാപാത്രങ്ങളും സംഭവവികാസങ്ങളും ആണ് ചിത്രത്തിൽ ഉണ്ടാവുക എന്നാണ് സൂചന. നിമിഷയ്ക്ക് പുറമേ എസ്ജെ സൂര്യയും രാഘവ ലോറൻസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ജിഗർതണ്ട ആദ്യഭാഗത്തിൽ സിദ്ധാർത്ഥ്,ബോബി സിംഹ,ഗുരു സോമസുന്ദരം,ലക്ഷ്മി മേനോൻ,കരുണാകരൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.
വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രികളിൽ ഒരാളാണ് നിമിഷ സജയൻ.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ,തൊണ്ടിമുതലും ദൃക്സാക്ഷിയും,നായാട്ട്,ഒരു തെക്കൻ തല്ലു കേസ് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ഇവയിലെ മികച്ച പ്രകടനം ചുരുങ്ങികാലം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയിലേക്ക് എത്തിപ്പെടാൻ നിമിഷയ്ക്കായി.
കാർത്തിക് സുബ്രഹ്മണി എന്ന യുവ സിനിമാസംവിധായകന് അസാൾട്ട് സേതു എന്ന ഗുണ്ടാ തലവനെ ഒരു പ്രത്യേകസാഹചര്യത്തിൽ സിനിമയിലഭിനയിപ്പിക്കേണ്ടി വരുന്നതാണ് ജിഗർതണ്ട ആദ്യ ഭാഗത്തിന്റെ പ്രധാന കഥാപശ്ചാത്തലം. ചിത്രത്തിലെ ഈ കഥാപാത്രത്തിലെ അവതരിപ്പിച്ചതിന് ബോബി സിംഹയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.കൂടാതെ ചിത്രത്തിനായി വിവേക് ഹർഷന് മികച്ച എഡിറ്റിങ്ങിനും ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.എട്ടുവർഷത്തിനു ശേഷമുള്ള ഈ രണ്ടാം ഭാഗ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.