ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന് എന്ന് നിസ്സംശയം പറയാവുന്ന തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക ഓടിടി യിൽ എത്തുന്നു.മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സൗദി വെള്ളക്ക തിയേറ്ററുകളിൽ നിന്ന് നേടിയത്.ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനുശേഷമാണ് തരുൺ മൂർത്തി സൗദി വെള്ളക്കാർ ഒരുക്കിയത്.ജനുവരി 9നാണ് ചിത്രം സോണി ലീവ് ഓടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുക.സാമൂഹിക കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പ്രേക്ഷകരോട് ചർച്ച ചെയ്യുന്നത്.കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്.
ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രത്തിൽ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.സൗദി വെള്ളക്ക ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാലി ഫ്രാൻസിസ് ആണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.ഒരു കോടതി മുറിയിലാണ് ചിത്രം കഥ പറയുന്നത്.ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തരുൺ മൂർത്തി പ്രഖ്യാപിച്ചിരുന്നു.’ഹൃദയസ്പർശിയായ നല്ലൊരു സിനിമ കാണണമെന്നുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാം.ഉള്ളുനിറഞ്ഞ് തിരിച്ചിറങ്ങാം’,ഇതായിരുന്നു സൗദി വെള്ളക്കയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം.
സൗദി എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ നൂലാമാലകളുമാണ് സിനിമ പറയുന്നത്.അതിർത്തിത്തർക്കമുള്ള രണ്ടു വീടുകൾ.അതിലൊരു വീട്ടിലെ വല്യമ്മ ആയിഷ റാവുത്തർ തൊട്ടടുത്ത വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ അടിക്കുന്നു. ആ അടിയിൽ കുട്ടിയുടെ ഇളകി നിന്നിരുന്ന പല്ല് താഴെ വീഴുന്നു.ഈ സംഭവത്തെ പെരുപ്പിച്ചു കാണിച്ച് അയൽവാസി കേസ് കൊടുക്കുന്നതും 13 വർഷം ആയിഷുമ്മ ഇതിനെതിരെ പോരാടുന്നതുമാണ് ചിത്രത്തിൻറെ പ്രധാന കഥാപശ്ചാത്തലം.ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യൂസഫ് ആണ്.
ലുക്മാൻ അവറാൻ,ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയായ നടൻ ബിനു പപ്പു, ഗോകുലൻ എന്നിവരുടെ ശക്തമായ പ്രകടനത്തോടൊപ്പം എടുത്തുപറയേണ്ടതാണ് ആയിഷുമ്മ ആയെത്തുന്ന ദേവി വർമ്മയുടെ മനസ്സ് നിറക്കുന്ന പ്രകടനം.അധികം ഡയലോഗുകളില്ല, അനാവശ്യ ഭാവപ്രകടനങ്ങളില്ല.പക്ഷേ സാധാരണക്കാരിൽ ഒരാളായി തോന്നിക്കുന്ന രീതിയിലുള്ള അസാധ്യ പ്രകടനമാണ് ദേവി വർമ്മ കാഴ്ചവച്ചത്.സിനിമ കണ്ടു കഴിയുമ്പോൾ ചുറ്റും നോക്കി ആരെങ്കിലും കരയുന്നുണ്ടോ എന്ന് നോക്കുന്നു സ്വന്തം കണ്ണുനീർ തുടയ്ക്കുന്നു ഇതൊക്കെയാണ് ഒരു ശരാശരി പ്രേക്ഷകന് സൗദി വെള്ളക്ക സമ്മാനിക്കുന്നത്.