ആദിക് രവിചന്ദ്രന്റെ സംവിധാനത്തിൽ വിശാൽ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്ക് ആൻറണി.സിനിമ അഭിനയത്തിനൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന താരമാണ് വിശാൽ.അടുത്തിടെ തന്റെ ഏറ്റവും പുതിയ ചിത്രമായ ലാത്തിയുടെ കളക്ഷന്റെ ഒരു ഭാഗം കർഷകർക്ക് നൽകുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.വിശാലിന്റെ മാർക്ക് ആൻറണി എന്ന ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.
ഇപ്പോഴിതാ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനും അഭിനേതാവുമായ സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്ന് വാർത്തയാണ് പുറത്തുവരുന്നത്.ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് മാർക്ക് ആൻറണി തിയേറ്ററുകളിൽ എത്തുക.തമിഴ്, തെലുങ്ക്,മലയാളം,കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.ജീവി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനാണ്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് വിശാൽ ആരാധകർ നോക്കിക്കാണുന്നത്.ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ.കനല് കണ്ണൻ,പീറ്റര്‍ ഹെയ്ൻ,രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.വിശാലിന്റെ കരിയറിലെ മുപ്പത്തിമൂന്നാമത് ചിത്രമായ മാർക്ക് ആൻറണിയുടെ ടൈറ്റിൽ പോസ്റ്റർ പുതുവർഷത്തിലാണ് പുറത്തുവിട്ടത്.എസ്ജെ സൂര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
വിനോദ് കുമാർ സംവിധാനം നിർവഹിച്ച ലാത്തിയാണ് വിശാലിന്റെതായി ഏറ്റവും അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നേടിയെടുക്കാൻ ആയത്.വിശാൽ പോലീസ് ഉദ്യോഗസ്ഥനായി എത്തിയ ചിത്രം ഒരു ആക്ഷൻ ത്രില്ലർ എന്റർടൈനർ ആയാണ് ഒരുങ്ങിയത്. നേരത്തെ മാർക്ക് ആൻറണി ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ വിശാലിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു.വീരമെ വാഗൈ സൂഡും,തുപ്പരിവാളന്‍ 2 എന്നിവയാണ് വിശാലിന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.