മലയാളം പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്ന നാടനാണ് ജിഷ്ണു രാഘവൻ. അതുകൊണ്ടുതന്നെ നാടൻ്റെ വേർപാട് വലിയ നോവാണ് പ്രേക്ഷകർക്ക് നൽകിയത്. രാഘവന്റെയും ശോഭയുടെയും ഏക മകനായിരുന്നു ജിഷ്ണു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹ നായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു നടൻ. സിനിമയിൽ ഒരിടം കണ്ടെത്തുന്നതിനിടയിലാണ് അർബുദരോഗം നടനെ പിടികൂടിയത്. രോഗം ഗുരുതരാവസ്ഥയിലേക്ക് പോയപ്പോഴും പിടികൊടുക്കാതെ പൂർണ്ണ ആത്മവിശ്വാസത്തോടെ ജിഷ്ണു പൊരുതി നിന്നിരുന്നു.
വീണ്ടും രോഗം മൂർച്ഛിച്ചതോടെ 2016 മാർച്ച് 24ന് ജിഷ്ണു ഈ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു. ഇന്നും വിടവാങ്ങൽ പ്രേക്ഷകരുടെ മനസ്സിൽ ഒരു വിങ്ങലാണ് ഉണ്ടാക്കുന്നത്. അവസാനം വരെ പൊരുതിയായിരുന്നു ആ മടക്കം. വീണ്ടും ഒരു മാർച്ച് 24 എത്തിയപ്പോൾ ജിഷ്ണുവിൻറെ ഓർമ്മയിൽ ഏഴുവർഷം ആവുകയാണ്. നടന്റെ നിഷ്കളങ്ക ചിരി എല്ലാം മായാത്ത ഓർമ്മകളായി പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്. ജിഷ്ണുവിന്റെ വേർപാട് അടുത്ത സുഹൃത്തുക്കളെ പലരെയും സങ്കടത്തിൽ ആക്കിയിരുന്നു. നടൻറെ വിയോഗം തളർത്തിയ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭാരതൻ.
നമ്മൾ എന്ന സിനിമയിലൂടെ തുടങ്ങിയതായിരുന്നു ഇവരുടെ സൗഹൃദം. ആദ്യ സിനിമയിൽ സഹോദരങ്ങളായി ഒന്നിച്ച് അഭിനയിച്ച താരങ്ങൾ യഥാർത്ഥ ജീവിതത്തിലും അതു പോലെ തന്നെ ആവുകയായിരുന്നു. ഇപ്പോൾ ഇതാ ജിഷ്ണു ഇല്ലാത്ത 7 വർഷങ്ങൾ പിന്നിടുമ്പോൾ സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നമ്മൾ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നിന്നും എടുത്ത ഒരു ചിത്രമാണ് സിദ്ധാർത്ഥ് പങ്കുവെച്ചിരിക്കുന്നത്. ഈ ദിവസം മാത്രമല്ല ജിഷ്ണുവിനെ ഓർക്കുന്നത് 7 വർഷത്തെ വേർപാട് എന്ന അടിക്കുറിപ്പോടെ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിന്നോടുള്ള സ്നേഹവും ഓർമ്മയും പങ്കുവെച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും.
നമ്മളിനെ കുറിച്ചുള്ള ഓർമകളും പലരും പങ്കുവെക്കുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിദ്ധാർത്ഥ് ജിഷ്ണുവിനെ കുറിച്ച് സംസാരിച്ചിരുന്നു. നല്ലൊരു സുഹൃത്ത് ഇല്ലാതാകുമ്പോഴുള്ള വിഷമം അത് ഇപ്പോഴും ഉണ്ടെന്നാണ് താരം പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ടു ഒരു പ്രതീക്ഷയുമില്ലാത്ത നിൽക്കുമ്പോൾ ആണ് നമ്മുടെ നല്ല സുഹൃത്തുക്കളെയും ആൾക്കാരെയും ഒക്കെ തിരിച്ചറിയുന്നത്. എല്ലാത്തിനും നമ്മളെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നവരാണ് അവർ. അങ്ങനെയൊക്കെ ജിഷ്ണു പലവട്ടം തനിക്കൊപ്പം നിന്നിട്ടുണ്ടെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. അസുഖം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സമയത്ത് തന്നോട് പുതിയ സിനിമ ചെയ്യാൻ ജിഷ്ണു പറഞ്ഞിരുന്നു.
എപ്പോഴും വാട്സാപ്പിൽ തമാശയ്ക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നു. ക്യാൻസറിനെ കുറിച്ച് പറഞ്ഞപ്പോൾ തമാശയാണെന്നാണ് ആദ്യം കരുതിയത്. അത് സത്യമാണെന്ന് അറിഞ്ഞപ്പോൾ താൻ തകർന്നുപോയെന്നും അസുഖം ഭേദമായി തിരിച്ചു വന്നിട്ട് നമുക്ക് സിനിമ ചെയ്യണമെന്ന് ജിഷ്ണു പറഞ്ഞത് സിദ്ധാർത്ഥ് ഓർത്തിരുന്നു. സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ ജിഷ്ണു അഭിനയിച്ചിരുന്നു. ചതുര, ജിന്ന് തുടങ്ങിയ സിനിമകൾ ഒക്കെയായി സിദ്ധാർത്ഥ് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുമ്പോൾ ജിഷ്ണുവും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.