കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പാടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് സർക്കാർ. പനിയുടെ ആരംഭത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണം എന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി പോലുള്ളവ ബാധിച്ചാൽ രോഗം സുഖപ്പെട്ടു വരാൻ കുറച്ചു അധികം ദിവസം എടുക്കും എന്നും, വളരെ സൂക്ഷിച്ച് വേണം മഴക്കാലത്ത് ജീവിക്കാൻ എന്നും പറയുകയാണ് നടി രചന നാരായണൻകുട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെങ്കിപ്പനിയുടെ പിടിയിലാണ് താരം. എല്ലാ ഊർജ്ജവും ചോർത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കുവെന്നാണ് രചന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പിൽ പറയുന്നത്. ആശുപത്രിയിൽ നിന്നുള്ള ചില ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്. എനിക്ക് അസുഖം ആയിട്ട് ഇനി ഇത് പതിനൊന്നാം ദിവസമാണ് 90% രോഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്ന് വേണം പറയാൻ. അതെ ഡെങ്കു ഒരു വില്ലനാണ് നമ്മുടെ എല്ലാ ഊർജ്ജവും ചോർത്തി എടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കൂ നല്ല ഭക്ഷണം കഴിക്കൂ അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീർഘമേറിയതാണ്. അതുകൊണ്ട് വിവരിക്കുന്നില്ല പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്.
ഡെങ്കു ഒരുപാട് പേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കു. ഫോൺ വിളിച്ചു മെസ്സേജ് അയച്ചു ആശങ്ക അറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങൾ ഈ മാസം ഒമ്പതാം തീയതി പകർത്തിയതാണ്. എനിക്ക് അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ ഈ കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല എന്നാണ് രചന നാരായണൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആശുപത്രി ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം സംസ്ഥാനത്ത് ഇതുവരെ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരെ കുറിച്ചുള്ള പത്രവാർത്തയും രചന പങ്കുവെച്ചിട്ടുണ്ട്.
നടി അസുഖ വിവരം വെളിപ്പെടുത്തിയതോടെ ആരാധകരും സിനിമാരംഗത്തെ സുഹൃത്തുക്കളും കമന്റുകളുമായി എത്തി. എത്രയും വേഗം സുഖം പ്രാപിച്ചു ആരോഗ്യം വീണ്ടെടുക്കാനുള്ള ആശംസകളാണ് ഭൂരിഭാഗം പേരും കമൻറ് ആയി കുറിച്ചിരിക്കുന്നത്. ചില ആരാധകർ ഡെങ്കിപ്പനി ബാധിച്ചപ്പോൾ ഉള്ള അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഡെങ്കു ബാധിച്ചാൽ അസുഖം ഭേദമാകാൻ ഒരുപാട് സമയം ആവശ്യമാണെന്നും ആ ക്ഷീണം കുറച്ചുനാൾ ശരീരത്തിന് ഉണ്ടാകുമെന്നുമാണ് ഒരു ആരാധകൻ അനുഭവം പങ്കുവെച്ച് കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ രചന ഫോട്ടോഷൂട്ട് നൃത്തം മേക്കോവർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. അതുകൊണ്ട് സിനിമകൾ സ്ഥിരമായി ചെയ്തില്ലെങ്കിലും രചനയുടെ മുഖം മലയാളികൾ മറന്നു പോകാറില്ല.
അടുത്തിടെയാണ് താരം നാല്പതാം പിറന്നാൾ ആഘോഷമാക്കിയത്. അമ്മ സംഘടനയുടെ ഭാരവാഹികളായ മോഹൻലാൽ, ശ്വേതാ മേനോൻ, ബാബുരാജ്, ഇടവേള ബാബു, സുധീർ കരമന, സിദ്ദിഖ് എന്നിവർക്ക് ഒപ്പമായിരുന്നു രചന പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ചും ചിരിച്ച് ഉല്ലസിച്ചുമുള്ള താരങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. 2001ൽ എം ടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് രചന നാരായണൻകുട്ടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ ജനപ്രിയയായി മാറുകയായിരുന്നു.