വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.ഭാരത് സർക്കസ് എന്ന തൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ദുബായിൽ എത്തിയതായിരുന്നു ഷൈനും സംഘവും. പ്രമോഷന് ശേഷം തിരിച്ചു നാട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം.
ഇപ്പോൾ ദുബായ് വിമാനത്താവളത്തിലാണ് ഷൈൻ ഉള്ളത്.കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതും സംശയകരമായ പെരുമാറ്റവും ആയിരുന്നു എയർലൈൻ അധികൃതർ ഷൈനെ പുറത്താക്കാനുള്ള കാരണം.എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ ആയിരുന്നു ഷൈനിന്റെയും സംഘത്തിന്റെയും യാത്ര നിശ്ചയിച്ചിരുന്നത്.
അതേസമയം ഷൈനിനൊപ്പം പ്രമോഷനു എത്തിയ മറ്റ് സംഘാംഗങ്ങൾ അതെ വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചു.സോഹൻ സീനൂലാലിൻറെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ,ബിനു പപ്പു,എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ഭാരത സർക്കസ്.ഡിസംബർ 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.
ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിച്ചത്.ജാഫർ ഇടുക്കി,സുധീർ കരമന,മേഘ തോമസ്,ആരാധ്യ ആൻ,സുനിൽ സുഖദ,സരിത കുക്കു,അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ,അനു നായർ, ജോളി ചിറയത്ത്, ലാലി,ദിവ്യ എം നായർ,നിയ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.മുഹാദ് വെമ്പായം തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ബിനു കുര്യനാണ്.ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.