ഇന്ന് പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് അസിഡിറ്റി. എന്നാൽ യാഥാർത്ഥ്യത്തിൽ എന്താണ് അസിഡിറ്റി? ശരീരത്തിലെത്തുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡ് അത്യാവശ്യമാണ്. എന്നാൽ ദഹനത്തിന് ആവശ്യമായതിനെക്കാൾ കൂടുതൽ ആസിഡ് ഗ്യാസ്ട്രിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. ഇത്തരത്തിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുമ്പോൾ നെഞ്ചിന് താഴെ പുകച്ചില് അനുഭവപ്പെടുന്നതിനെയാണ് അസിഡിറ്റി എന്നറിയപ്പെടുന്നത്. തെറ്റായ രീതിയിലുള്ള ജീവിതശൈലിയും, ക്രമരഹിതമായ ഭക്ഷണക്രമവും ഒക്കെയാണ് അസിഡിറ്റി ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങൾ.
വ്യായാമ കുറവ് ഉണ്ടെങ്കിലും അസിഡിറ്റി കൂടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ചില ഭക്ഷണസാധനങ്ങൾ അസിഡിറ്റി മാറ്റാൻ സഹായിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തണുത്ത പാൽ. അസിഡിറ്റിയെ പ്രതിരോധിക്കാൻ ഏറ്റവും ലളിതമായ ഒരു മാർഗ്ഗമാണ് തണുത്ത പാൽ. പാലിലെ കാൽസ്യത്തിന്റെ സമൃദ്ധി ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിതശ്രവത്തെ നിയന്ത്രിക്കാനും ഇതിലൂടെ ആമാശയത്തിലെ ആസിഡുകൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കും. ദഹനക്കേട് മൂലം സാധാരണയായി സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വയറുവേദനയെ ചികിത്സിക്കാൻ അയമോദകം വളരെ ഫലപ്രദമാണ്.
ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കെതിരെ പോരാടാനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാർഗമാണ് അയമോദകം. തുളസി ഒരു തികഞ്ഞ ഔഷധസസ്യമാണ്. അസിഡിറ്റിയുടെ കാര്യത്തിലും തുളസിയേറെ ഫലപ്രദമാണ്. പൊട്ടാസ്യം സമ്പന്നമായ പഴുത്ത വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റിയുടെ പെട്ടെന്നുള്ള ട്രിഗറുകൾ മെരുക്കാനുള്ള ഒരു മാർഗ്ഗമാണ്. പഴം ക്ഷാര സ്വഭാവമുള്ളതായതിനാൽ ഇത് നെഞ്ചിരിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ആസിഡ് ഫ്ലക്സ് ഉള്ളവർക്ക് മധുരമുള്ള തേങ്ങാവെള്ളം കുടിക്കുന്നത് നല്ലൊരു ഒറ്റമൂലിയാണ്.
തേങ്ങാവെള്ളം കുടിക്കുമ്പോൾ ശരീരത്തിന്റെ പിഎച്ച് അളവ് അസിഡിറ്റിയിൽ നിന്ന് അടിസ്ഥാനത്തിലേക്ക് മാറാൻ സഹായിക്കും. ദഹനക്കേട്, നെഞ്ചിരിച്ചിൽ എന്നിവക്കെതിരെ പോരാടാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ശുദ്ധമായ മോര് കുടിക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ വളരെയധികം സഹായിക്കും.