മനം പോലെ മംഗല്യം എന്ന സീരിയലിലൂടെ സോനാ എന്ന കഥാപാത്രമായി എത്തി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നടി ആൻ മരിയ. സോഷ്യൽ മീഡിയ ലോകത്തെ പാലാക്കാരി അച്ചായത്തി എന്ന പേരിൽ അറിയപ്പെടുന്ന ആൻ മരിയയുടെ രണ്ടാം വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത യൂട്യൂബ് പാചകക്കാരൻ ഷാൻ ജിയോ ആണ് ആൻ മരിയയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയകഥയും വിവാഹത്തിലേക്ക് എത്തുകയും ചെയ്ത വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
കിടിലൻ രുചികളുള്ള പാചക വിഭവങ്ങളുടെ വീഡിയോയുമായി എത്തുന്ന യൂട്യൂബർ ആണ് ഷാൻ ജിയോ. യൂട്യൂബ് ചാനൽ ആരംഭിച്ച് ഒന്നര കൊല്ലം കൊണ്ട് പത്തുലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് സ്വന്തമാക്കിയത്. നാടൻ വിഭവങ്ങളും ഹോട്ടൽ വിഭവങ്ങളും എല്ലാം ഒരുപോലെ തയ്യാറാക്കുന്ന വിധം പറഞ്ഞു കാണിച്ചുതരുന്ന ഷാനിനൊപ്പം ആൻ മരിയയും മകൾ നീയയും കൂടി എത്തിയപ്പോൾ ആരാധകർ ഇരട്ടിയായി. ഒരുവേള ജീവിതത്തിൽ ഒറ്റയ്ക്കായി പോയവരാണ് ഷാനും ആൻ മരിയയും. വിവാഹം കഴിക്കണം എന്ന പ്ലാൻ ഇരുവർക്കും ഉണ്ടായിരുന്നില്ല.
പരിചയപ്പെട്ട് അധികനാൾ കഴിഞ്ഞപ്പോൾ തന്നെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയി. നല്ല കൂട്ടുകാർക്ക് നല്ല ഭാര്യ ഭർത്താക്കന്മാർ ആകാനും കഴിയുമെന്ന് സൂചിപ്പിച്ചത് രണ്ടുപേരുടെയും കൂട്ടുകാരാണ്. എന്നാൽ പിന്നെ പോരുന്നോ എൻറെ കൂടെ രണ്ടുപേരും പരസ്പരം അങ്ങ് ചോദിക്കുകയായിരുന്നു. ആനിന് ഒരു കൂട്ട് വേണം എന്നുള്ളത് ആനിൻ്റെ മമ്മിക്ക് ആയിരുന്നു നിർബന്ധം. സ്ത്രീധനത്തിലും സമ്പത്തിലും നോട്ടമിട്ടാണ് ആദ്യ ഭർത്താവ് എത്തിയത്. അതിൽനിന്നും ഡിവോഴ്സ് വാങ്ങി രക്ഷപ്പെട്ടതിനു ശേഷം അമ്മയ്ക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.
ആൻ മരിയ ഒറ്റ മകൾ ആയിരുന്നു. അമ്മയ്ക്ക് രണ്ടുതവണ സ്റ്റോക്ക് വന്നപ്പോഴാണ് മകളെ കുറിച്ചുള്ള ആദി ആ മനസ്സിൽ എത്രത്തോളം ഉണ്ട് എന്നുള്ളത് മനസ്സിലായത്. അപ്പോഴാണ് ആൻ മരിയയുടെ മകളും വിവാഹത്തെപ്പറ്റി സൂചിപ്പിച്ചത്. കൂട്ടുകാർക്കൊക്കെ പപ്പയുണ്ട് എനിക്കും ഒരു പപ്പയെ വേണം എന്നായിരുന്നു അവളുടെ ആഗ്രഹം. ഉത്തർപ്രദേശിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു ആൻ മരിയയുടെ ആദ്യവിവാഹം. പിന്നീട് ജോലി ഉപേക്ഷിച്ചു. മോൾക്ക് നാലു വയസ്സുള്ളപ്പോഴാണ് ആനും ഭർത്താവും വേർപിരിഞ്ഞത്. പിന്നീട് കരിയർ സെറ്റ് ചെയ്യാൻ ആലോചിച്ചപ്പോൾ മേക്കപ്പ് പഠിക്കാൻ തീരുമാനിച്ചു. താമസവും കൊച്ചിയിലേക്ക് മാറ്റി.
കുടുംബ സുഹൃത്ത് ആയിരുന്ന ഇടവേള ബാബുവും നവീൻ അറക്കലും വഴിയാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്. ദത്തുപുത്രിപുത്രി എന്ന പരമ്പരയിൽ തുടങ്ങി പിന്നീട് അമൃതവർഷിണി, മേഘസന്ദേശം, ചേച്ചി അമ്മ, എൻറെ മാതാവ് തുടങ്ങി 12 ഓളം സീരിയലുകൾ ചെയ്തു. എന്നും വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന പതിവുണ്ട് ആൻ മരിയയ്ക്ക്. ഷാൻ വൈകുന്നേരം കൂട്ടുകാരുമായി കൂടുന്നതും അവിടെയാണ്. ഒരു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക് ചാറ്റിൽ ഷാനിന്റെ യൂട്യൂബ് ചാനലിന്റെ ലിങ്ക് അയച്ചുതന്നു.
അപ്പോഴാണ് വമ്പൻ പാചക പരിപാടികളിലൂടെ ആളുകളെ കയ്യിലെടുത്ത ആളാണെന്ന് മനസ്സിലായത്. അതോടെ എല്ലാ ലൈക്ക് ചെയ്യാനും കമൻറ് ഇടാനും തുടങ്ങി. ഒരു ദിവസം പതിവുപോലെ നടക്കാൻ ചെന്നപ്പോൾ സ്റ്റേഡിയം റോഡിൽ ഷാനിന്റെ കാർ കിടക്കുന്നു. ആൻ അടുത്തുചെന്ന് ചില്ലിൽ തട്ടി വിളിച്ചു. ചില തുറന്നതും ഒരു പ്ലേറ്റ് ഫ്രൂട്ട്സ് മുന്നിലേക്ക് നീണ്ടു. കഴിക്കുന്നോ അല്പം എന്നൊരു ചോദ്യവും. ലുലുവിലൊക്കെ ചുറ്റു നടന്ന് കുറച്ച് ഫ്രൂട്ട്സ് വാങ്ങി സ്വസ്ഥമായി കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആൻ മരിയയുടെ വരവ്. ആ ഫ്രൂട്ട്സ് ആണ് ഇരുവരെയും ഇതുവരെ എത്തിച്ചതെന്ന് ആൻ പറയുന്നു.