ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയിലെ മുരളി എന്ന കഥാപാത്രത്തിന്റെ യാഥാർത്ഥ്യമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുത്തൻ പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ നവാഗതനായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാര എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്രാമീണ ഭംഗിയുടെ ദൃശ്യാവിഷ്കാരവും, നർമ്മത്തിൽ ചാലിച്ച കഥയും ഒത്തിണക്കി നിർമ്മിച്ചിരിക്കുന്ന സിനിമയാണ് ‘നദികളിൽ സുന്ദരി യമുന’. പേരു പോലെ തന്നെ വ്യത്യസ്തമായ കഥയും കഥാസന്ദർഭങ്ങളും ആണ് സിനിമയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.
കണ്ണൂരിൻ്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളെ കോർത്തിണക്കി വളരെ രസകരമായ ഒരു പ്രണയ കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസും അജുവർഗീസും നേർക്കുനേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരി ഉണർത്തുന്നതാണ്. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം. സാധാരണക്കാരായ മനുഷ്യരും, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജുവിനും, ധ്യാൻ ശ്രീനിവാസനും പുറമേ സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, അനീഷ്, നവാസ് വള്ളിക്കുന്ന്, എന്നിങ്ങനെ നിരവധി താരങ്ങളും ആമി, ആതിര, പാർവണ എന്നീ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
മനു മഞ്ജിത്തിന്റെയും ഹരി നാരായണനെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിട്ടുണ്ട്. ശങ്കർ ശർമയാണ് സിനിമയുടെ ബിജിഎം സ്കോർ ചെയ്തിരിക്കുന്നത്. ഫൈസൽ അലിയാണ് ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ. കലാ സംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ്- ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് മട്ടന്നൂർ, അസോസിയേറ്റ് ഡയറക്ടർ- പ്രിജിൻ ജെസ്സി.