യൂട്യൂബർ ബഷീർ ബഷീ തൻറെ കുട്ടിയെ പരസ്യമായി അപമാനിച്ചു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണ്. വിഷയത്തിൽ ന്യായീകരണവുമായി ബഷീർ ബഷീ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ പരോക്ഷ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഫാമിലി വ്ലോഗ് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് അശ്വതി പറയുന്നത്. അശ്വതിയുടെ വാക്കുകളിങ്ങനെ;
കുറെ നാളായി പറയണം എന്ന് കരുതിയ കാര്യമാണ്. ഒരു ഫാമിലി വ്ലോഗിൽ അദ്ദേഹത്തിൻ്റെ കുട്ടിയെ കുറിച്ച് നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകളും ആണ് ഈ ടോപ്പിക്ക് എടുക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിൽ കുട്ടികളെ അവതരിപ്പിക്കുന്ന സമയത്ത് നമ്മൾ അറിഞ്ഞോ അറിയാതെയോ അവരോട് ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഒരു പാരന്റ് എന്ന നിലയിൽ ഞാനും ചെറിയ മിസ്റ്റേക്കുകൾ വരുത്തിയിട്ടുണ്ട്. കുട്ടികളുടെ ചെറിയ കാര്യങ്ങളും പ്രിയപ്പെട്ടവരുമായി പങ്കുവെക്കാൻ നമുക്ക് സന്തോഷമാണ്. കുട്ടികളെ കാണുന്നത് എല്ലാവർക്കും സന്തോഷമാണ്.
പക്ഷേ അവരുടെ പ്രൈവസിയെ തീർത്തും കട്ട് ചെയ്ത് അവർ എഴുന്നേൽക്കുമ്പോൾ തൊട്ട് ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണിക്കുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. എൻറെ ഉദാഹരണത്തിൽ നിന്നും ഞാൻ പറയാം. പത്മയുടെ ചെറിയ സംസാരം ഒക്കെ ഞാൻ ആ സമയത്ത് ഫേസ്ബുക്കിൽ എഴുതാറുണ്ടായിരുന്നു. അവൾ അതിനെക്കുറിച്ച് എന്നോട് ചോദിച്ചപ്പോഴാണ് എന്താണ് അവളോട് ചെയ്യുന്നത് എന്നതിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടായത്. പിന്നെ പുറത്തു പോകുമ്പോൾ ആളുകൾ കുട്ടിയോട് വന്നു ചോദിക്കും നല്ല കുറുമ്പി ആണല്ലേ അമ്മ എഴുതിയതൊക്കെ കണ്ടിരുന്നു എന്ന്. കുഞ്ഞ് സർപ്രൈസ് ആകാൻ തുടങ്ങി.
ഇതെങ്ങനെ അവർ അറിഞ്ഞു എന്ന് അവൾ ചിന്തിക്കുന്ന സമയം എത്തി. അമ്മ ഇത് എല്ലാവരോടും പോയി പറഞ്ഞോ എന്ന് അവൾ ചോദിച്ചപ്പോഴാണ് എന്താണ് ഇവളോട് ചെയ്യുന്നത് എന്ന് തിരിച്ചറിവുണ്ടായത്. ഇപ്പോൾ അവളോട് ചോദിച്ചിട്ട് മാത്രമേ അവളെ പറ്റിയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ. പത്മ കുറച്ച് ഇൻട്രോവേർട്ട് ആണ്. അങ്ങനെ ഒരു കുട്ടിയെ ഞാൻ സോഷ്യൽ മീഡിയയിൽ എപ്പോഴും നിർത്തിയാൽ അവൾക്ക് സ്വകാര്യത തിരഞ്ഞെടുക്കാനുള്ള അവസരം ഞാൻ ഇല്ലാതാക്കുകയാണ്. ഫാമിലി ബ്ലോക്ക് വളരെ ട്രെൻഡ് ആയ സമയമാണിത്. കുട്ടികൾക്ക് നല്ലതല്ലേ എന്നാണ് അവർ വിചാരിക്കുന്നത്.
മാർക്ക് കുറഞ്ഞതും ചെറിയ കുസൃതികളും മണ്ടത്തരങ്ങളും ഒക്കെ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയുമ്പോൾ ലക്ഷക്കണക്കിന് പേരാണ് അവരെ ജഡ്ജ് ചെയ്യുന്നത്. ചെറുപ്പത്തിൽ കിട്ടിയ ചില അപമാനങ്ങൾ ഇന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും. കുട്ടിയെ തല്ലുന്ന കാര്യത്തിൽ നമ്മൾ പറയുന്നത് അച്ഛനും അമ്മയും അല്ലേ പരമാധികാരികൾ എന്നാണ്. പക്ഷേ സ്റ്റേറ്റിന്റേത് ആണ് കുട്ടികൾ. അതുകൊണ്ടാണ് കുഞ്ഞിൻറെ പ്രശ്നത്തിൽ കോടതിയും ബാലാവകാശ കമ്മീഷനും ഇടപെടുന്നത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.