നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എന്നെന്നും സ്ഥിരപ്രതിഷ്ഠ നേടിയ സൂപ്പർതാരമാണ് സുരേഷ് ഗോപി.അതുപോലെ തന്നെ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്.ഇരുവരും ഒന്നിച്ച് ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.ഷാജി കൈലാസിൻറെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തി 2006 തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചിന്താമണി കൊലക്കേസ്.
ഇപ്പോഴിതാ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ശ്രദ്ധേയമായ അപ്ഡേറ്റുമായി രംഗത്തുവന്നിരിക്കുകയാണ് ഷാജി കൈലാസ്. ചിത്രത്തിൻറെ ആദ്യപകുതിയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ടാണ് എൽ.കെ എന്ന് എഴുതിയ ചിത്രത്തിൻറെ ഒരു പോസ്റ്റർ ഷാജി കൈലാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കഴിഞ്ഞമാസം പ്രഖ്യാപനം നടന്ന ചിന്താമണികൊലക്കേസിന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ തയ്യാറാക്കുന്നത് ആദ്യഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ എ കെ സാജൻ തന്നെയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്.
അഡ്വക്കേറ്റ് ലാൽ കൃഷ്ണ വിരാടിയാർ എന്ന ഒറ്റയാൾ കോടതി അഥവാ ക്രിമിനലുകളെ കോടതിക്ക് പുറത്ത് തന്റേതായ രീതിയിൽ വക വരുത്തുന്ന സുരേഷ് ഗോപി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.ബിജു മേനോൻ,ഭാവന, തിലകൻ,കലാഭവൻ മണി,മണിയൻപിള്ള രാജു,സായ്കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.എം രഞ്ജിത്ത് നിർമ്മാണം നിർവഹിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം രാജാരത്നം ആയിരുന്നു.ദ ടൈഗർ എന്ന സുരേഷ്ഗോപി ഷാജി കൈലാസ് ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തിയ ചിന്താമണി കൊലക്കേസ് പ്രദർശിപ്പിച്ച കേന്ദ്രങ്ങളിൽ എല്ലാം നൂറ് ദിവസത്തോളം പ്രദർശനം നടത്തിയിരുന്നു.
ബാബു യോഗേശ്വരൻ സംവിധാനം ചെയ്ത് വിജയ് ആൻറണി പ്രധാന കഥാപാത്രമായി എത്തുന്ന ‘തമിഴരശൻ’ ആണ് സുരേഷ് ഗോപി പ്രധാന കഥാപാത്രത്തിലെത്തുന്ന പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം.നിരവധി കാരണങ്ങളാൽ റിലീസ് വൈകിപ്പോയ ചിത്രം മാർച്ച് 31നാണ് തിയേറ്ററുകളിൽ എത്തുക.മലയാളത്തിൽ നിന്ന് രമ്യ നമ്പീശനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു.എസ്എൻഎസ് മൂവീസിന്റെ ബാനറിൽ കൗസല്യ റാണിയാണ് ചിത്രം നിർമ്മിക്കുന്നത്. കോവിഡ് മൂലം റിലീസ് അനിശ്ചിതത്വത്തിലായ ചിത്രങ്ങളിൽ ഒന്നാണ് താമിഴരശൻ.ചിത്രത്തിൽ ഒരു ഡോക്ടർ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുകയെന്നാണ് വിവരം.