2016ൽ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു പുലിമുരുകൻ. മലയാളത്തിൽ ആദ്യ 100 കോടി കളക്ഷൻ നേടിയ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ഇത്. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പക്കാലം അവതരിപ്പിച്ചത് അജാസ് ആയിരുന്നു. ഡി ഫോർ ഡാൻസ് എന്നാൽ ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അജാസിന് അന്ന് 11 വയസ്സായിരുന്നു പ്രായം. ഡി ഫോർ ഡാൻസിലെ പ്രകടനമാണ് അജാസിന് സിനിമയിലേക്കുള്ള വാതിൽ തുറന്നത്.
പുലിമുരുകൻ കൂടാതെ കമ്മാരസംഭവം ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും പിന്നീട് കുറച്ചുനാളുകൾ അജാസിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതാ അജാസിനെ പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആവുകയാണ്. പുലിമുരുകന് ശേഷം അധികം സിനിമയിൽ ഒന്നും കണ്ടിട്ടില്ലാത്ത അജാസ് നിലവിൽ കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. അജാസിനെ പറ്റിയുള്ള കുറിപ്പ് ഇങ്ങനെ;
ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതമായിരിക്കും ജൂനിയർ പുലിമുരുകൻ. രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാൻ ഇടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരു അത്ഭുതം കാത്തിരിക്കുന്നുണ്ട് എന്ന് അറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവൺമെൻറ് സ്കൂളിൽ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല. മലയാളത്തിന്റെ സിനിമ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താര ജാഡകൾ ഒന്നുമില്ലാതെ കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളും സൗഹൃദ വേദികളും ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല.
അതെ പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകനായ അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറു കുറിപ്പ്. കൊല്ലം ജില്ലയിലെ ആദ്യിച്ചനെല്ലൂർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിന്റെ വരാന്തയിലൂടെ താര പുലിമയുടെ മഞ്ഞവെളിച്ചമില്ലാതെ, ക്യാമറ കണ്ണിൻറെ തുറിച്ചുനോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളിൽ പുലിയെ കൊല്ലണമെന്ന തീക്ഷ്ണതയില്ല. പകരം അകന്നു മാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായതയാണ്. ബഹളങ്ങളിൽ നിന്നും അകന്ന് സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ടു വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർത്ഥിയായി അവൻ മാറിയിരിക്കുന്നു.
അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരം ഒക്കെ ഞാൻ കൊടുത്തു. സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരിയായിരുന്നു മറുപടി. ഇന്ന് സ്കൂളിൽ വാർഷികം ആയിരുന്നു അവന് സ്കൂൾ വകയായി ഒരു മൊമെന്റോ കോംപ്ലിമെന്റ് ആയി നൽകി. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണ് നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടം അല്ലേ. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടം പിടിച്ചവൻ അല്ലേ.
അവന് ഗോഡ് ഫാദർ മാരില്ല. ഒരു സാധാരണ കുടുംബാംഗം നമ്മുടെ ഇടയിൽ സിനിമക്കാരും സിനിമ പ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ അവർ ആരെയെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ. ഒറ്റ സിനിമയിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വിസ്മയ നർത്തകനായ അജാസും അവൻറെ സ്വപ്നങ്ങൾ നേടട്ടെ. അവൻ പ്ലസ് ടു എക്സാം എഴുതാൻ പോവുകയാണ് നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമക്കാരിൽ എത്തട്ടെ. അവൻറെ ലോകം വിശാലമാകട്ടെ. എന്നായിരുന്നു കുറിപ്പ്.