സുരാജ് വെഞ്ഞാറമൂട് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റയുടെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു.ശശി തരൂർ എംപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്.കാൽപ്പന്തും രാഷ്ട്രീയവും പ്രധാന പ്രമേയങ്ങൾ ആയി വരുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
സെക്കന്റ് ഹാഫ് പ്രോഡക്ഷന്റെ ബാനറില് ബോബി തര്യനും സജിത്ത് അമ്മയും ചേർന്ന് നിർത്തുന്ന ചിത്രത്തിൽ അയ്യപ്പദാസ് എന്ന ഗൺമാനായി ധ്യാൻ ശ്രീനിവാസനും പന്ന്യൻ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. വിനായക് ശശികുമാർ,ധന്യ നിഖിൽ എന്നിവർ രചന നിർവഹിക്കുന്ന ഗാനങ്ങൾക്ക് രാഹുൽരാജ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഒരു വരച്ചുകാട്ടൽ ആയിരിക്കും ചിത്രം എന്നാണ് സൂചന.
മനോജ്.കെ.ജയൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കി, വിനീത് കുമാർ,മാമുക്കോയ,അബു സലിം, ശിവദാസ് കണ്ണൂർ,ജ്യോതി കണ്ണൂർ,ശിവദാസ് മട്ടന്നൂർ എന്നിവരും ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.പോലീസ് കോൺസ്റ്റബിൾ ആയി ജോലി ലഭിക്കുന്ന ധ്യാൻ ശ്രീനിവാസൻ കഥാപാത്രം അയ്യപ്പദാസിന് ആദ്യ പോസ്റ്റിംഗ് ആയി താൻ ആരാധിക്കുന്ന രാഷ്ട്രീയ നേതാവിൻറെ ഗൺമാനായി ജോലി ലഭിക്കുന്നതുമാണ് ചിത്രത്തിൻറെ പശ്ചാത്തലം.
ഫാസിൽ നാസർ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് പ്രസീത് നാരായണനാണ്. കലാസംവിധാനം സുനിൽകുമാർ ആണ് നിർവഹിക്കുന്നത്.മുൻ കൊളംബിയൻ ഗോൾകീപ്പർ ജോസ് ഹിഗ്വിറ്റയുടെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.പുതുമുഖം സങ്കീർത്തനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ കഥ സമകാലികവും തികച്ചും രസകരവുമായ രീതിയിലാണ് സംഭവങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിന് ഹിഗ്വിറ്റ എന്ന് പേരിട്ടത് ദുഃഖകരമാണെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.എൻഎസ് മാധവന്റെ പ്രശസ്ത കഥയുടെ പേരും ഹിഗ്വിറ്റ എന്ന് തന്നെയാണ്.തൻറെ കൃതിയുടെ പേരിൽ ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിൽ തനിക്ക് ഒരു അവകാശവും നൽകാത്തത് തന്നെപ്പോലെ മറ്റാരും ക്ഷമിക്കാൻ സാധ്യതയില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.