പി വാസുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ ചന്ദ്രമുഖിയായി കങ്കണ റാണാവത്ത്.പി വാസു തന്നെ സംവിധാനം ചെയ്ത ആദ്യ ഭാഗത്തിൽ ജ്യോതികയായിരുന്നു ചന്ദ്രമുഖിയായി എത്തിയത്. ഹിന്ദി ചിത്രം എമർജൻസിയുടെ ഷൂട്ടിങ്ങിൽ ഉള്ള കങ്കണ ഈ ചിത്രം പൂർത്തിയായ ശേഷം ആയിരിക്കും ചന്ദ്രമുഖി 2 ൽ ജോയിൻ ചെയ്യുക.
തമിഴ് സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ആദ്യഭാഗത്തിൽ തകർത്തഭിനയിച്ചത് സൂപ്പർസ്റ്റാർ രജനികാന്താണ്. എന്നാൽ രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഘവ ലോറൻസ് ആണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധായകൻ എം എം കീരവാണിയാണ്.ആർ.ഡി രാജശേഖരൻ ഛായാഗ്രഹണവും,തോട്ടധരണി കലാസംവിധാനവും നിർവഹിക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് ഹിറ്റുകളിൽ ഒന്നായ മണിച്ചിത്രത്താഴിൻറെ കന്നട റീമേക്ക് ആസ്പദമാക്കിയാണ് ചന്ദ്രമുഖി ആദ്യഭാഗം ഒരുങ്ങിയത്.രജനീകാന്ത് നായകനായ ചിത്രം തമിഴ്നാട്ടിൽ രണ്ടു വർഷത്തോളം പ്രദർശനം നേടി വൻവിജയമായതാണ്.ചിത്രത്തിൻറെ ഷൂട്ടിങ് തുടങ്ങിയ വേളയിൽ നടൻ രാഘവ ലോറൻസ് രജനികാന്തിനെ കണ്ടു അനുഗ്രഹം നേടിയിരുന്നു. ഈ വർഷം ജൂലൈയിൽ ആയിരുന്നു ചന്ദ്രമുഖി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ തലൈവിയിലെ മികച്ച പ്രകടനം കങ്കണയെ തമിഴ് സിനിമ ആസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടവളാക്കിയിരുന്നു.തലൈവിയുടെ മികച്ച വിജയത്തിന് ശേഷം കങ്കണ വീണ്ടും തമിഴിലേക്ക് എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി ആദ്യഭാഗത്തിൽ രജനീകാന്തിനോപ്പം ജ്യോതിക, പ്രഭു,നയന്‍താര,വടിവേലു എന്നിങ്ങനെ വമ്പന്‍ താര നിര തന്നെ അണിനിരന്നിരുന്നു.എന്നാൽ രണ്ടാം ഭാഗത്തിന്റെ കാസ്റ്റിംഗിനെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.