വെറും സെക്കൻഡുകൾ മാത്രമുള്ള ടീസർ പുറത്തുവിട്ട് ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, നിഗൂഢതയും ദുരൂഹതകളും ഒളിപ്പിച്ച കഥയുടെ വരവറിയിച്ച് ‘കിർക്കൻ’ സിനിമയുടെ ടീസർ പുറത്തുവന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ, 2005 കോട്ടയത്തിനടുത്ത് ഒരു ഗ്രാമത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ മരണവും അതിനോട് അനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവും ആണ് കഥയുടെ പ്രമേയം.
യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സലിംകുമാർ, കനി കുസൃതി, ജോണി ആൻറണി, മീരാ വാസുദേവ്, വിജയരാഘവൻ, അനാർക്കലി മരയ്ക്കാർ, അപ്പാനി ശരത്, മഖ്ബൂൽ സൽമാൻ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമ ഏപ്രിൽ മാസം തിയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. മലയാള സിനിമയിൽ കഴിവ് തെളിയിച്ച അഭിനേതാക്കൾക്ക് ഉപരി നാടക മേഖലയിൽ നിന്നും മറ്റും 25 ഓളം പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. 2005 കാലഘട്ടത്തിൽ കോട്ടയം ജില്ലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു പെൺകുട്ടിയുടെ മരണവും അതിനെ സംബന്ധിച്ച് തൊട്ടടുത്ത ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവും ആണ് യഥാർത്ഥ സംഭവത്തിൽ നിന്ന് സിനിമയ്ക്ക് പ്രചോദനം ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൻറെ ടീസറിൽ റബർ കാട്ടിൽ തൂങ്ങിയാടുന്ന പെൺകുട്ടിയെ കാണിക്കുന്നുണ്ട്. എന്നാൽ കേസ് എന്തായി എന്നും, കഥയുടെ വഴിത്തിരിവുകൾ എന്തെല്ലാമാണെന്നും കാത്തിരിക്കുകയാണ് ആരാധകർ. അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതിൽ പങ്കാളികൾ ആക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് സിനിമയുടേത്. നിരവധി സസ്പെൻസുകളിലൂടെയും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ട്വിസ്റ്റുകളിലൂടെയും പര്യവസാനിപ്പിക്കുന്ന അന്വേഷണാത്മക ത്രില്ലർ ചിത്രമായിരിക്കുമിത്. നിരവധി നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ സമൂഹത്തിൽ കാലങ്ങൾ കടന്നു പോയിട്ടും മാറാതെ നിലനിൽക്കുന്ന സാമൂഹ്യ വിപത്തിനെയും തുറന്നു കാണിക്കുന്നുണ്ട്.
ഏറ്റവും മികച്ച നിർമ്മാതാവിനുള്ള ഫിലിം ക്രിട്ടിക് പുരസ്കാരം നേടിയ മാത്യു മാമ്പ്രയുടെ മാമ്പ്ര സിനിമാസ് ആണ് ‘കിർക്കൻ’ സിനിമയും നിർമ്മിച്ചിരിക്കുന്നത്. അജിത്ത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവർ ചിത്രത്തിൻറെ സഹനിർമ്മാതാക്കളാണ്. ജോഷാണ് ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. പൂതൻ, തുമ്പി എനി കലാസൃഷ്ടികളിലൂടെ ഇതിനോടകം തന്നെ പ്രേക്ഷകർ പ്രശംസ നേടിയ സംവിധായകനായ ജോഷ് മേജർ രവി ഉൾപ്പെടെ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഗൗതം ലെനിൻ രാജേന്ദ്രൻ ആണ് ചിത്രത്തിൻറെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.