നിരവധി വർഷങ്ങളായി മലയാളികളുടെ ആരാധനപാത്രമായി നിരവധി പേരുടെ ആവേശമായി നിലനിൽക്കുന്ന താരമാണ് മോഹൻലാൽ. അദ്ദേഹത്തെ ഒന്നു കാണാനും ഒന്നിച്ച് ചിത്രമെടുക്കാനും ആഗ്രഹിക്കാത്ത മലയാളികൾ വിരളമായിരിക്കും.ഇപ്പോഴിതാ അത്തരത്തിൽ തന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം സാധിച്ചിരിക്കുകയാണ് ലാലേട്ടന്റെ ആരാധികയായ ഷിജിലി.കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന ഷിജിലി കെ ശശിധരന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്.
ഇപ്പോഴിതാ ഷിജിലിയുടെ ഈ ആഗ്രഹം സാക്ഷാത്കരിക്കാൻ സാക്ഷാൽ മോഹൻലാൽ എത്തി.മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്.മോഹൻലാലിനൊപ്പം കുറച്ചു സമയം ചെലവഴിച്ച് ഒപ്പം ചിത്രം എടുത്തതാണ് ഷിജിലി മടങ്ങിയത്.’സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ.ഏത് വാക്കുകളിൽ ഈ നിമിഷത്തെ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു.
എന്റെ ഏറ്റവും വലിയ ആഗ്രഹം,എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി.കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ,ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ.കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു.ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി,എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം’. ഇത്തരത്തിൽ ആയിരുന്നു തന്റെ സ്വപ്ന ആഗ്രഹം സാധിച്ച നിമിഷത്തെക്കുറിച്ച് ഷിജിലി ഫേസ്ബുക്കിൽ കുറിച്ചത്.ഈ സ്വപ്നസാക്ഷൽക്കാരത്തിന് ദൈവത്തിന് നന്ദി,ഒപ്പം കോഴിക്കോട് മോഹൻലാൽ ഫാൻസിലെ ഏട്ടന്മാർക്കും ഷിജിലി നന്ദി പറയുന്നു.
കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ ഷിജിലിക്ക് ജനിച്ചപ്പോൾ മുതലുള്ള അസ്ഥി പൊടിയുന്ന അസുഖ ബാധിതയാണ്.തൻറെ അസുഖത്തിനും ശാരീരിക പരിമിതികൾക്കും ഇടയിലും ലോട്ടറി വിറ്റാണ് ഷിജിലി ഉപജീവനം നടത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ ഷിജിലി ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ടെലിവിഷൻ താരവും നടനുമായ ബിനീഷ് ബാസ്റ്റിൻ ഷിജിലിയെ സന്ദർശിക്കാൻ എത്തിയിരുന്നു.’ഇത് ഷിജിലി എൻറെ സുഹൃത്താണ്.പൂർണ്ണ ആരോഗ്യമുണ്ടായിട്ടും ജോലിക്ക് പോകാത്ത ആളുകൾക്ക് ഒരു മാതൃകയാണ് ഷിജിലി.കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി’ എന്നാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.