നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ ഗായികയാണ് സുജാത. ഇപ്പോഴിതാ സുജാതയുടെ അറുപതാം പിറന്നാൾ വേളയിൽ ബന്ധുവും സുഹൃത്തുമായ ഗായകൻ ജി വേണുഗോപാലിന്റെ ആശംസാ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.ബേബി സുജാതയ്ക്ക് 60 വയസ്സ് തികയുന്നു.തനിക്കിത് വിശ്വസിക്കാൻ ആകുന്നില്ല, എന്നാണ് വേണുഗോപാൽ പറയുന്നത്.സുജാതയും താനുമായി രണ്ടു വയസ്സ് മാത്രമാണ് വ്യത്യാസം എന്നും വേണുഗോപാൽ പറയുന്നു.70 കളിൽ ഒരേ കുടുംബാംഗങ്ങളായ താനും സുജാതയും സംഗീത ലോകത്തേക്ക് എത്തുന്ന ഓർമ്മകളും വേണുഗോപാൽ പങ്കുവയ്ക്കുന്നു.വടക്കൻ പറവൂർ കുടുംബാംഗങ്ങളാണ് സുജാതയും വേണുഗോപാലും.
‘തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു.സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും.കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്.ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം.എന്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്.അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക.
സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും,ഒപ്പം ഗാനമേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു.അവിഭാജ്യ കേരള യൂണിവേഴ്സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു.യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്ത് പോകുന്ന നല്ലോർമ്മകൾ.പിൽക്കാലത്ത് എന്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായ് പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്.എന്റെ ആദ്യ സിനിമാ സോളോ റിക്കാർഡിംങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്.
ശ്വേത സുജുവിന്റെയുള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി.അഡ്വർട്ടൈസ്മെന്റ് സംഗീതരംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെക്കുറിച്ച് സുജു പറഞ്ഞാണ് ഞാനറിയുന്നത്.പിൽക്കാലത്ത് എ ആർ റഹ്മാന്റെ സംഗീതത്തിലൂടെ സുജുവിന്റെ ശബ്ദം തെന്നിന്ത്യൻ സിനിമാ സംഗീതത്തിന്റെ ഒരവിഭാജ്യ ഘടകമായ് മാറി.ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാ സാഗറിന്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിന്റെ ശബ്ദത്തിലിറങ്ങുന്നതും.തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിന്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു.
തൊണ്ണൂറുകളും മില്ലനിയവും മലയാളത്തിലെ ഈ രണ്ട് ഗായികമാർ,ചിത്രയും സുജാതയും അവരുടെശബ്ദ സൗഭഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്.ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്.കുസൃതിയും,കൊഞ്ചലും,പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്റേത്.പ്രസന്നാത്മകതയാണ് സുജുവിന്റെ ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം.അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്.
സുജുവിന്റെ ഭർത്താവ് മോഹനാണ് സുജുവിന്റെ ഏറ്റവും വലിയ അനുഗ്രഹം.ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും.എന്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്.ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്.
ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി.ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്.അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേയിരിക്കുന്നു.പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം.അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ.അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നു’.ഇത്തരത്തിലായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.