മലയാളികളെ ഏറെ വേദനിപ്പിച്ച മരണങ്ങളിൽ ഒന്നാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഏകമകൾ തേജസ്വിനി ബാലയുടെയും വിയോഗങ്ങൾ. 2018 സെപ്റ്റംബർ 25 പുലർച്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബാലഭാസ്കരന്റെ ഏക മകൾ തേജസ്വിനി ബാല മരിച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കർ മരിച്ചു. ലക്ഷ്മിയും വാഹനമോടിച്ചിരുന്ന ഡ്രൈവർ അർജുൻ നാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ അപകടത്തെ തുടർന്ന് വലിയ വിവാദങ്ങളാണ് ഉണ്ടായത്.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമാണെന്ന വാദമാണ് ഉയർന്നത്. അതേസമയം ജീവനുതുല്യം സ്നേഹിച്ച ഭർത്താവും കണ്ടു കൊതി തീരാത്ത മകളും മരിച്ചതോടെ അക്ഷരാർത്ഥത്തിൽ വലിയ വിഷാദത്തിലേക്കാണ് ലക്ഷ്മി എത്തിച്ചേർന്നത്. കാലിനേറ്റ പരിക്ക് മൂലം ഒരു വർഷത്തോളം ലക്ഷ്മിക്ക് നടക്കാനായിരുന്നില്ല. ഇതിനെല്ലാം പുറമേ വിവാദങ്ങൾ പുകഞ്ഞപ്പോൾ പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തി. സ്വത്ത് തട്ടിയെടുക്കാനായി ആസൂത്രിതമായി നടന്ന അപകടമാണ് ഇതെന്ന ആരോപണം ഉയർന്നു. കാറപകടത്തിൽ ബാലഭാസ്കരന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പ്രചരിക്കുന്ന അപവാദങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന് ലക്ഷ്മി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ഏറെ സ്നേഹിക്കുന്ന മകളും ഭർത്താവും കൂടെയില്ലാതെ തനിക്ക് എന്തിനാണ് സ്വർണ്ണവും പണവും എന്നും ലക്ഷ്മി ചോദിച്ചിരുന്നു. ആരോപണങ്ങൾ തന്നെ തളർത്തുന്നുവെന്നും അപകടം നടന്ന ദിവസം ബാലുവായിരുന്നു കാർ ഓടിച്ചിരുന്നത് എങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കും ആയിരുന്നു എന്നും ലക്ഷ്മി പറയുന്നു. ബാലുവിനെ പകരം താനായിരുന്നു മരണപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത്തെ ആരോപണങ്ങൾ സംഭവിക്കില്ലായിരുന്നു എന്നും ലക്ഷ്മി ഏറെ വേദനയോടെ പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാർ അപകടത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി.
നാലുവർഷം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് ഇതുവരെ ലക്ഷ്മി പ്രതികരിച്ചിരുന്നില്ല. ഒടുവിൽ ലക്ഷ്മി മൗനം വെടിഞ്ഞത് കോടതിയിൽ നൽകിയ മൊഴിയിലാണ്. അപകടസമയം കാർ അമിതവേഗതയിൽ ആയിരുന്നു എന്നാണ് ലക്ഷ്മിയുടെ മൊഴി. വാഹനം ഓടിച്ചത് കേസിലെ ഏക പ്രതിയായ പാലക്കാട് സ്വദേശി അർജുൻ നാരായണാണെന്ന് കോടതിയെ അറിയിച്ച ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു. അപകടമുണ്ടായ ദിവസം പുലർച്ചെ 12:15ന് ചാലക്കുടിയിൽ ആയിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം ഉണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചക്കാരാണ് അവിടെ പോയത്.
പൂജ കഴിഞ്ഞ് 2018 സെപ്റ്റംബർ 24ന് രാത്രി തിരിച്ചു. 25ന് പുലർച്ചെ 3:30ന് പള്ളിപ്പുറത്ത് വച്ച് അപകടമുണ്ടായി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചു കിട്ടിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്കരെയും മാറ്റിയതിൽ ദുരൂഹതയില്ല എന്നും ലക്ഷ്മി മൊഴി നൽകി. അപകട വിവരങ്ങൾ പോലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി. അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കും ആണ് കേസ്.