വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദൻ.വളരെ കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളത്തിലെ മുൻനിര നായകനടന്മാരുടെ ഗണത്തിലേക്ക് ഉയരാൻ ഉണ്ണിക്ക് ആയി.ഇപ്പോഴിതാ തൻറെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായ മാളികപ്പുറത്തിലൂടെ കരിയറിൽ വൻ നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്.തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങളും 100 കോടിയിലധികം രൂപയുടെ കളക്ഷനുമാണ് മാളികപ്പുറം വാരിക്കൂട്ടിയത്.
അടുത്തിടെ ഉണ്ണി മുകുന്ദൻ രാഷ്ട്രീയ പ്രവേശനം നടത്തുന്നു എന്ന രീതിയിലുള്ള വാർത്തകൾ വ്യാപകമായി പുറത്തു വന്നിരുന്നു.ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് പുറത്തുവന്നത്.എന്നാൽ അത്തരത്തിൽ പുറത്തുവന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ഉണ്ണിമുകുന്ദൻ ഒരു സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.’ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു.അത് വ്യാജമാണ്. എന്റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍.
അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്.അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം.ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്.ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു’.
ഇത്തരത്തിലായിരുന്നു ഉണ്ണി മുകുന്ദൻ ഇത്തരം വ്യാജ വാർത്തകളോട് തന്റെ നിലപാട് വ്യക്തമാക്കിയത്.വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു ഭാഷകളായാണ് ചിത്രം അണിയറ പ്രവർത്തകർ ഒരുക്കുന്നത്.ഒരു ഫാന്റസി കോമഡി ത്രില്ലർ രീതിയിൽ ഒരുക്കുന്ന ചിത്രം ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് മൂലം ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിൻറെ നിര്‍മ്മാണം നിർവഹിക്കുന്നത്.