നിരവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ആസ്വാദകർ ഏറെ കാത്തിരുന്ന മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ഒന്നിക്കുന്ന’മലൈക്കോട്ടെ വാലിബൻ’ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.ജനുവരി 18ന് രാജസ്ഥാനിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.എന്നാൽ ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും അധികം പുറത്ത് വിട്ടിരുന്നില്ല.എന്നാൽ ചിത്രത്തിൻറെ ഭാഗമായ ചില താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചിരുന്നു.
ഇതാ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മറ്റൊരു നടനാണ് താൻ മലൈക്കോട്ടെ വാലിബനിൽ ഉൾപ്പെട്ട സന്തോഷം പങ്കുവെക്കുന്നത്.ആട് 2 ലെ ചെകുത്താന് ലാസറിനെ അവതരിപ്പിച്ച് പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ഹരിപ്രശാന്ത് വർമ്മയാണ് താൻ ചിത്രത്തിൽ പെട്ട സന്തോഷവാർത്ത പങ്കുവെക്കുന്നത്.’ഞാന്‍ സിനിമ കാണാന്‍ ആരംഭിച്ചതിന് തന്നെ കാരണം ഈ മനുഷ്യനാണ്.അന്നുമുതലേ ഞാന്‍ ബഹുമാനിക്കുന്നയാള്‍.ഈ ഇതിഹാസത്തിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ എനിക്ക് അവസരം നല്കിയ ദൈവത്തിനും മലൈക്കോട്ടൈ വാലിബന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി’. ഇത്തരത്തിലായിരുന്നു മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൻറെ ടൈറ്റിലും അണിയറ പ്രവർത്തകരുടെ പേരും അല്ലാതെ മറ്റു വിശദാംശങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.ഗോകുൽദാസ് കലാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ വസ്ത്രാലങ്കാരം റോക്ക്സ് സേവ്യർ ആണ്. അതേസമയം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ജനപ്രിയ ചിത്രമായി നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുത്തിരുന്നു.