ഇന്ത്യൻ സിനിമ ലോകത്ത് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന ലോക സിനിമക്ക് മുന്നിൽ ഇന്ത്യൻ സിനിമയുടെ ഐക്കൺ സൂപ്പർതാരമാണ് ഷാരൂഖ് ഖാൻ.തൻറെ വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ഹിറ്റുകളാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.അതിൽ എക്കാലവും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രണയ കാവ്യമാണ് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’.ഒരുകാലത്ത് യുവ തലമുറയുടെ ആവേശമായിരുന്നു ചിത്രവും ചിത്രത്തിലെ ഗാനരംഗങ്ങളും.ഇപ്പോഴിതാ ഈ ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രത്തിൻറെ നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസിന്റെ ചിത്രത്തിൻറെ റീ റിലീസിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു പ്രണയദിനത്തോടനുബന്ധിച്ച് ഒരാഴ്ച ചിത്രം തിയേറ്ററുകളിൽ ഉണ്ടാകും എന്നും ചിത്രത്തിൻറെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്നുമാണ് യഷ് രാജ് ഫിലിംസ് പോസ്റ്റിന് താഴെ കുറിച്ചത്.1995ൽ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ്.അനുപം ഖേർ,അംരീഷ് പൂരി,കരൺ ജോഹർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
വിദേശത്ത് താമസിക്കുന്ന രാജും സിമ്രാനും നാട്ടിലെത്തുന്നതും പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും,തമിഴിൽ നിന്നും വിണ്ണൈത്താണ്ടി വരുവായ,മിന്നലെ എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്യുന്നുണ്ട്.മലയാളത്തിൽ പ്രേമവും ഹൃദയവും റീ റിലീസ് ചെയ്യുമെന്ന വിവരങ്ങളുണ്ട്.
അതേസമയം സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഷാരൂഖിന്റെ പഠാൻ ലോകമെമ്പാടും ഏതാണ്ട് 600 കോടിയോളം രൂപയും ഇന്ത്യയിൽ മാത്രം 400 കോടിയും കളക്ഷൻ നേടി കുതിക്കുകയാണ്.തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് പഠാൻ വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പാണ് നൽകിയത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ ഓടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസ് ആണ്.ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.