താരസുന്ദരി തൃഷയ്ക്ക് 40 വയസ്സ് പൂർത്തിയായിരിക്കുകയാണ്. പ്രായം 40 ആയിട്ടും തൃഷയുടെ സൗന്ദര്യം കൂടുന്നതല്ലാതെ കുറയുന്നില്ല. പണ്ട് കണ്ട മെലിഞ്ഞു കൊല്ലുന്നനെയുള്ള പെൺകുട്ടി തന്നെയാണ് ഇന്നും കാഴ്ചയിൽ തൃഷ. പൊന്നിയിൽ സെൽവൻ ആണ് തൃഷയുടെ പുതിയ സിനിമ. ഐശ്വര്യ റായ് പോലൊരു സൗന്ദര്യ റാണിക്ക് മുന്നിൽ സ്ക്രീൻ പ്രസൻസിന് ഒപ്പത്തിന് ഒപ്പം നിൽക്കാൻ തൃഷയ്ക്ക് കഴിഞ്ഞതും പ്രത്യേകതയാണ്. കുന്തവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിച്ചത്. തമിഴ് പൈതൃകം പേറുന്ന ഈ കഥാപാത്രം അവതരിപ്പിക്കാൻ തമിഴകത്ത് രണ്ട് പതിറ്റാണ്ടായി തുടരുന്ന നടിക്ക് തന്നെ സാധിച്ചു. സിനിമയിലെ കയറ്റവും ഇറക്കവും ഒരുപാട് കണ്ട നടിയാണ് തൃഷ.
20 വർഷത്തിനിടയിൽ നടി സൂപ്പർസ്റ്റാറുകളുടെ നായിക, മാർക്കറ്റ് കുറഞ്ഞ നായിക, പിന്നീട് സൂപ്പർതാര പദവിയുള്ള നായിക എന്നീ പല ലേബലുകളിൽ തൃഷ അറിയപ്പെട്ടു. എന്നാൽ ഈ പേരുകളിൽ ഒന്നും സ്വയം മറക്കാനോ തളരാനോ തൃഷ മുതിരുന്നില്ല. നല്ല അവസരങ്ങൾക്കായി കാത്തിരിക്കാനും നടി മടിച്ചില്ല. പൊന്നിയിൻ സെൽവന് മുമ്പ് നടിയുടെ കരിയർ ഗ്രാഫ് താഴ്ന്നിരിക്കുകയായിരുന്നു. 96, വിണ്ണൈ താണ്ടി വരവായ തുടങ്ങിയ ഒരുപിടി സിനിമകൾ തൃഷയ്ക്ക് കരിയറിൽ എന്നും അടയാളപ്പെടുത്താൻ പറ്റിയ സിനിമകളാണ്. കരിയറിന് അപ്പുറത്ത് തൃഷ പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും നിറയാറുണ്ട്. നടൻ റാണ ആയിരുന്നു തൃഷയുടെ കാമുകന്മാരിൽ ഒരാൾ.
എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. പിന്നീട് വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തിൽ എത്തും മുൻപേ രണ്ടുപേരും പിരിഞ്ഞു. വരനും കുടുംബവും തൃഷയുടെ സിനിമ കരിയറിന് തടസ്സം പറഞ്ഞതാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണം. പിന്നീട് ഒരു വിവാഹത്തിന് തൃഷ മുതിർന്നിട്ടില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പ് തൃഷ തന്നെ താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചിലർ ചോദിക്കുന്ന രീതിയാണ് എനിക്കിഷ്ടമല്ലാത്തത്. സാധാരണ പോലെ എന്നാണ് വിവാഹം കഴിക്കുക എന്നത് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് അത്. ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല.
എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹബന്ധത്തിൽ നിലനിൽക്കുന്നത് തെറ്റായ കാരണങ്ങൾ കൊണ്ടാണ്. എനിക്കറിയാം ഇവരിൽ ചിലർ എൻറെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിൽ അല്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെ ഒരു വിവാഹം എനിക്ക് വേണ്ട എന്നാണ് തൃഷ പറഞ്ഞത്. സിംഗിൾ ജീവിതം ആസ്വദിക്കുന്ന തൃഷ സിനിമാരംഗത്ത് നിന്ന് സമ്പാദിച്ചത് കോടികളാണ്. 82 കോടി രൂപയാണത്രേ നടിയുടെ ആസ്തി. ആഡംബര കാറുകളും വസതിയും തൃഷയ്ക്ക് ഉണ്ട്.
വിജയ്, സിമ്പു എന്നിവരുമായി ചേർത്ത് തൃഷ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും ഇതൊന്നും വാസ്തവം ആയിരുന്നില്ല. രണ്ടുപേരും തൃഷയുടെ ഹിറ്റ് സ്ക്രീൻ നായകന്മാരാണ്. വർഷങ്ങൾക്കുശേഷം ലിയോ എന്ന സിനിമയിൽ വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയം തൃഷയുടെ കരിയറിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാളത്തിൽ റാം എന്ന സിനിമയും തൃഷയുടെതായി പുറത്തിറങ്ങാൻ ഉണ്ട്. നേരത്തെ ഹേയ് ജൂഡ് എന്ന മലയാള സിനിമയിലും തൃഷ അഭിനയിച്ചിട്ടുണ്ട്.