വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് മംമ്ത മോഹൻദാസ്. പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് താരം കടന്നു പോയിട്ടുള്ളത്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയർച്ച താഴ്ചകൾ വന്ന മംമ്ത ഇന്ന് പ്രതിസന്ധികൾ നേരിടുന്നവർക്ക് പ്രചോദനം തന്നെയാണ്. രണ്ടുവട്ടം ക്യാൻസറിനെ അതിജീവിച്ചാണ് മംമ്ത ജീവിതം തിരിച്ചുപിടിച്ചത്. സിനിമകളിൽ തിളങ്ങിനിൽക്കുന്ന കാലത്താണ് മംമ്തയ്ക്ക് ക്യാൻസർ രോഗം പിടിപ്പെടുന്നത്. ഏറെ നാൾ രോഗത്തോട് മല്ലിട്ട മംമ്ത ആദ്യവട്ടം ക്യാൻസറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ ക്യാൻസർ ബാധിച്ചു.
എന്നാൽ രണ്ടാം തവണയും മനക്കരുത്തോടെ തന്നെ ഇതിനെ അഭിമുഖീകരിച്ചു. അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും ക്യാൻസർ ചികിത്സ രംഗത്ത് ഉദാഹരണമായി പറയാറുണ്ട്. ക്യാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതിൽ വലിയ സ്വാധീനം മംമ്തയ്ക്ക് ഉണ്ടായി. ഇപ്പോൾ നടിയുടെ ജീവിതത്തിൽ പുതിയൊരു വെല്ലുവിളി വന്നിരിക്കുകയാണ്. വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് മംമ്തയെ ബാധിച്ചിരിക്കുന്നത്.
തൊലിപ്പുറത്തെ നിറം നഷ്ടമാകുന്ന അവസ്ഥയാണിത്. ഇൻസ്റ്റഗ്രാമിൽ ഇത് വ്യക്തമാക്കി കൊണ്ട് ഒരു ഫോട്ടോയും മംമ്ത പങ്കുവെച്ചിട്ടുണ്ട്. എനിക്ക് നിറം നഷ്ടമാവുന്നു എന്ന് നടി ഫോട്ടോയുടെ ക്യാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊരു രോഗാവസ്ഥ അല്ല സ്കിൻ കണ്ടീഷൻ ആണെന്നും ധൈര്യമായിരിക്കുമെന്നും ചിലർ കമൻറ് ചെയ്തു. രണ്ടുവട്ടം ക്യാൻസറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയും തരണം ചെയ്യാനാവട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത ക്യാൻസറിനെ അതിജീവിച്ചത്.
മലയാളത്തിൽ ആദ്യമായി ഫാഷൻ ഐക്കൺ ആയി ഉയർന്നുവന്ന നടിയാണ് മംമ്ത. ആദ്യ സിനിമ മയൂഖം മുതൽ പിന്നീട് ഇങ്ങോട്ട് ചെയ്ത സിനിമകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബി, മൈ ബോസ്, പാസഞ്ചർ തുടങ്ങി സിനിമകളിൽ നടിക്ക് സുപ്രധാന വേഷവും ലഭിച്ചിരുന്നു. ജനഗണമനയാണ് മംതയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതിൽ ഹിറ്റായ സിനിമ. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ. സിനിമയ്ക്കപ്പുറം മികച്ച ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളിൽ പാടിയിട്ടുമുണ്ട്. ലൈവ് ആണ് മംമ്തയുടെ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച സിനിമ.