നിരവധി വർഷങ്ങളായി വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടൻ കൃഷ്ണകുമാർ.തൻറെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കൃഷ്ണകുമാർ പലരീതിയിൽ മുൻപ് പ്രകടിപ്പിച്ചിട്ടുണ്ട്.അതിൻറെ പേരിൽ അദ്ദേഹത്തിന് ധാരാളം വിമർശനങ്ങളും ട്രോളുകളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ചെറുപ്പം മുതൽ ഗോക്കളോടുള്ള തൻറെ സ്നേഹത്തെപ്പറ്റി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പശു ഫാമിൽ വെച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാർ.
ഈ ചിത്രങ്ങളും കുറിപ്പും പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ എനിക്ക് ട്രോളുകളും മറ്റും നേരിടേണ്ടി വന്നേക്കാം.എന്നാൽ രാഷ്ട്രീയമായ അന്ധത ബാധിക്കാതെ നോക്കിയാൽ നിങ്ങൾക്കും ഇതൊക്കെ ആസ്വദിക്കാൻ ആകും.കൃഷ്ണകുമാർ തൻറെ കുറിപ്പിൽ പറയുന്നു.’നമസ്കാരം സഹോദരങ്ങളെ,ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി.കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും.പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം,പക്ഷെ ഒന്നുപറയാം.എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക.അവയുടെ കണ്ണുകളിലേക്കു നോക്കുക.രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്.ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്.
രണ്ടും അമ്മമാരാണ്.ഉറപ്പിച്ചുപറയട്ടെ, എവിടെ,എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും.താങ്കളും അങ്ങനെ ചെയ്യാൻ,ഞാൻ ആഗ്രഹിക്കുന്നു.ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല.കാരണം,അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ’. ഇപ്രകാരമായിരുന്നു കൃഷ്ണകുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം കുറിച്ചത്.കൃഷ്ണകുമാറിന്റെ മക്കളായ അഹാനയും,ദിയയും സോഷ്യൽ മീഡിയയിൽ സജീവമാണ്.