നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന സൂപ്പർ താരമാണ് വിജയ്.തമിഴ് സിനിമ പ്രേമികളുടെ പോലെ തന്നെ മലയാളികൾക്കും വളരെ പ്രിയപ്പെട്ട താരമാണ് വിജയ്.വിജയ് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയും കളക്ഷൻ റെക്കോർഡുകളും എല്ലാം തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ തന്റെ ഒഫീഷ്യൽ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് ഇളയദളപതി.പ്രിയ താരത്തിന്റെ ഇൻസ്റ്റ പ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന ക്യാപ്ഷനോടെ ഒരു ചിത്രവും മറ്റൊരു സ്റ്റോറിയും ആണ് ഇതുവരെ വിജയ് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കശ്മീരിലെ ലൊക്കേഷനിൽ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും.വിജയ് പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധിപേർ കമന്റിടുകയും,ഈ ചിത്രം റീ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഏതാണ്ട് 17 മണിക്കൂർ മുൻപ് മാത്രം തുടങ്ങിയ ഇൻസ്റ്റ അക്കൗണ്ടിൽ ഒരു ദിവസത്തിനുള്ളിൽ നാല് മില്യണ്‍ അഥവാ 40 ലക്ഷം ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്.ഇതിൽ സെലിബ്രിറ്റികളും ഉൾപ്പെടുന്നു.
പൃഥ്വിരാജ്,ചിമ്പു,അല്‍ഫോണ്‍സ് പുത്രന്,അനു സിത്താര തുടങ്ങി നിരവധി സെലിബ്രിറ്റികളും ആരാധകരും ആണ് വിജയ് യെ ഇൻസ്റ്റാ ലോകത്തേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നത്.തമിഴിലെ ഹിറ്റ് മേക്കർ സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ.ചിത്രത്തിൻറെ നേരത്തെ പുറത്തുവിട്ട പ്രമോ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ,അര്ജുൻ,മാത്യു തോമസ്, മിഷ്കിൻ,സഞ്ജയ് ദത്ത്,പ്രിയ ആനന്ദ്,ബാബു ആന്റണി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിൻറെ പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. അടുത്തിടെ ആണ് ചിത്രത്തിൻറെ കാശ്മീരിലെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായത്.’ബ്ലഡി സ്വീറ്റ്’ എന്താ ടാഗ് ലൈനോട് എത്തുന്ന ലിയോ വിജയ് യുടെ കരിയറിലെ 67 മത് ചിത്രമാണ്.തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്.ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്.ഒക്ടോബറിൽ ആയിരിക്കും ചിത്രം തിയേറ്ററുകൾ എത്തുക എന്നാണ് ലഭിക്കുന്ന സൂചന.ലോകേഷ് വിജയ് കൂട്ടുകെട്ടിലുള്ള ലിയോയ്ക്ക് ഏറെ ആകാംക്ഷയിലാണ് ആരാധകർ.