മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നായകനാണ് ജയറാം.നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പൂരങ്ങളെയും,ആനയെയും,ചെണ്ടയെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു തനി മലയാളി സാന്നിധ്യമായി അദ്ദേഹം വർഷങ്ങളായി നമുക്കിടയിലുണ്ട്.താൻ മിമിക്രി വേദിയിൽ നിന്നാണ് സിനിമയിലെത്തിയത് എന്ന് എന്നും ഓർക്കുന്ന ജയറാം വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം ആരാധകരുടെ ആവശ്യത്തിന് വഴങ്ങി ശബ്ദാനുകരണം നടത്താറുണ്ട്.
അടുത്തിടെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദ്യഭാഗം ഓഡിയോ ലോഞ്ചിൽ ജയറാമിൻറെ പ്രകടനം ഏറെ വൈറലായിരുന്നു.ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളികളുടെ അഭിമാനം സഞ്ജു സാംസണിൻറെ ശബ്ദം അനുകരിച്ച് രംഗത്തുവന്നിരിക്കുകയാണ് ജയറാം.തൻറെ സോഷ്യൽ മീഡിയയിലൂടെ ഒരു ‘ചെറിയ ശ്രമം’ എന്ന് കുറിച്ചാണ് ജയറാം വീഡിയോ പങ്കുവെച്ചത്. കൂടാതെ സഞ്ജുവിന് ഈ സീസൺ ഐപിഎല്ലിന് എല്ലാവിധ ആശംസകളും ജയറാം നേരുന്നുണ്ട്.മിമിക്രി താരം മഹേഷ് മിമിക്സ് കൂടാതെ നിരവധി ആരാധകരും കമന്റുകളുമായി എത്തിയിരുന്നു.
ചിരിയാടക്കാനാവാതെ തകർത്തു ചേട്ടാ എന്ന രീതിയിലാണ് സഞ്ജു വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ടത്.ഐപിഎല്ലിൽ സഞ്ജു ബാറ്റ് കൊണ്ടും ഇവിടെ ചേട്ടൻ ശബ്ദം കൊണ്ട് തകർക്കുന്നു,മിമിക്രിയുടെ രാജാവ്,വേറെ ലെവൽ തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. മലയാള സിനിമയിൽ മിമിക്രിയിൽ നിന്ന് എത്തി വെന്നികൊടി പാറിച്ച ആദ്യകാല നടന്മാരിൽ മുൻപന്തിയിലാണ് ജയറാമിന്റെ സ്ഥാനം.പിന്നീട് ജയറാമിന്റെ പ്രചോദനത്തിൽ നിരവധി നടന്മാരാണ് മിമിക്രിയിൽ നിന്ന് മലയാള സിനിമയുടെ ഭാഗമായത്. ഇപ്പോഴും സ്റ്റേജിൽ എത്തിയാൽ മിമിക്രി അവതരിപ്പിക്കാതെ ജയറാം മടങ്ങാറില്ല.
സഞ്ജു സാംസണും ജയറാമിന്റെ കുടുംബവുമായുള്ള സൗഹൃദം ആരാധകർക്ക് സുപരിചിതമാണ്. നേരത്തെ സഞ്ജുവും ഭാര്യ ചാരുവും ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.ഒപ്പം സമയം ചെലവിടാൻ ആയതിന്റെ സന്തോഷം പങ്കുവെച്ച് ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രവും സഞ്ജു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചിരുന്നു.ഇന്നലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ തകർത്തടിച്ച സഞ്ജുവിന്റെയും സഹതാരങ്ങളുടെയും മികവിൽ രാജസ്ഥാൻ ആദ്യ വിജയം നേടിയിരുന്നു.