നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഒപ്പം സഞ്ചരിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത.അസുഖ ബാധിതയായിരുന്ന കെപിഎസി ലളിത പ്രിയപ്പെട്ടവരോടും മലയാള സിനിമ മേഖലയോടും വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.ഇപ്പോഴിതാ അമ്മയുടെ ഓർമ്മ ദിനത്തിൽ മകൻ സിദ്ധാർത്ഥ് ഭരതൻ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് കുറിപ്പ് ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.കൂടാതെ നടി മഞ്ജു പിള്ളയും ലളിതാമ്മയ്ക്ക് ചിത്രം പങ്കുവെച്ചിരുന്നു.
‘ഒരു വർഷമായി.കുടുംബക്കാർക്കും അയൽക്കാർക്കും സുഹൃത്തുക്കൾക്കുമായി ചെറിയൊരു ഒത്തുചേരലുണ്ട്,അതിലേക്ക് ഓരോരുത്തരെയായി ക്ഷണിക്കുമ്പോൾ എല്ലാവരും പറയുന്നത്,ഒരു വർഷം പെട്ടന്ന് കടന്നു പോയി എന്നാണ്.എനിക്ക് പക്ഷേ ഞാൻ കടന്നുപോയതിൽ വച്ച് ജീവിതത്തിലെ ഏറ്റവും മന്ദഗതിയിലുള്ള വർഷമാണ് കടന്നുപോയത്.അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു.ആ വികാരമെന്തെന്ന് പറയാൻ വാക്കുകളൊന്നും മതിയാകില്ല.അമ്മയെ ഓർക്കുന്നത് ഈ ദിവസം മാത്രമല്ല’.ഇത്തരത്തിലായിരുന്നു സിദ്ധാർത്ഥിൻറെ അമ്മയുടെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റ്.
‘അമ്മ പോയിട്ട് ഒരു വർഷം’ എന്ന അടിക്കുറിപ്പോടെ നടി മഞ്ജു പിള്ളയും കെപിഎസി ലളിതയ്ക്കൊപ്പമുള്ള ഓർമ്മചിത്രം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതിന് പുറമേ മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും എന്ന ടെലിവിഷൻ പരമ്പരയിൽ മഞ്ജു പിള്ളയും കെപിഎസി ലളിതയും ഒന്നിച്ച് അഭിനയിച്ചിരുന്നു.പരമ്പരയിലെ കെപിഎസി ലളിതയുടെയും മഞ്ജുവിന്റെയും അമ്മായിയമ്മ മരുമകൾ കഥാപാത്രങ്ങൾ ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ്.ലളിതാമ്മയുമായി മഞ്ജുവിന് വളരെ അടുത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.മഹേശ്വരിയമ്മ എന്നാൽ കെപിഎസി ലളിത തൻറെ 10 വയസ്സുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു.1978ൽ ആയിരുന്നു കെപിഎസി ലളിതയും സംവിധായകൻ ഭരതനും തമ്മിലുള്ള വിവാഹം.പിന്നീട് സിനിമാഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത ലളിതാമ്മ 1983ല് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.