മലയാള സിനിമയിൽ താരപുത്രന്മാർ നിരവധിയുണ്ട്. പൃഥ്വിരാജ് മുതൽ പ്രണവ് മോഹൻലാൽ വരെ നീളുന്നതാണ് ഈ നിര. എന്നാൽ താര പുത്രിമാർ താരതമ്യേന കുറവാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധ നേടിയ നടിയാണ് പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ. മലയാള സിനിമയിലെ മുൻനിര നായികയാവണമെന്നാണ് തൻറെ ആഗ്രഹം എന്ന് കല്യാണി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ കുറച്ചു സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ. വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലൂടെയാണ് നടി അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് തെലുങ്ക് സിനിമകളിൽ ശ്രദ്ധ നൽകി. ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം, തല്ലുമാല എന്നീ മലയാള സിനിമകളിൽ ഇതിനിടെ അഭിനയിക്കുകയും ചെയ്തു.
എന്നാൽ വേണ്ടത്ര സ്വീകാര്യത മലയാളത്തിൽ നിന്ന് കല്യാണിക്കു ലഭിച്ചിട്ടില്ല. തല്ലുമാലയിലെ അഭിനയം ശരിയായില്ലെന്ന വിമർശനവും വന്നു. എങ്കിലും നടിക്ക് വലിയ ആരാധകവൃന്ദം സിനിമയിൽ ഉണ്ട്. കല്യാണിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും. സോഷ്യൽ മീഡിയയിൽ കല്യാണിയുടെ ചിത്രങ്ങൾ വൈറൽ ആകാറുണ്ട്. ഫാഷണബിൾ ആയ കല്യാണി ഫിറ്റ്നസിലും ശ്രദ്ധിക്കുന്നുണ്ട്. മെലിഞ്ഞ സുന്ദരിയായ കല്യാണി പക്ഷേ സിനിമയിലേക്ക് വരുന്നതിനുമുമ്പ് ഈ ലുക്കിൽ ആയിരുന്നില്ല. നല്ലവണ്ണം ഉണ്ടായിരുന്ന കല്യാണി ഈ ഫിറ്റ്നസിലേക്ക് എത്തിയത് ആരാധകർക്കും അത്ഭുതമായി. കല്യാണിയുടെ പഴയ ചിത്രങ്ങൾ വെച്ചുള്ള ട്രാൻസ്ഫർമേഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.
ദിവസവും രണ്ടുമണിക്കൂർ വർക്ക് ഔട്ട് ചെയ്യാറുണ്ട് എന്ന് കല്യാണി പറയുന്നു. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും വർക്ക് ഔട്ട് ചെയ്യുംm ന്യൂയോർക്കിൽ പഠിക്കുമ്പോൾ ഭക്ഷണം ഞാൻ തന്നെയാണ് പാകം ചെയ്തിരുന്നത്. അപ്പോഴാണ് എത്രമാത്രം എണ്ണയാണ് ശരീരത്തിൽ പോകുന്നതെന്ന് മനസ്സിലായത്. അതിനുശേഷം ആണ് ആരോഗ്യം ഗൗരവമായി എടുത്തതെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു. ചെറുപ്പം തൊട്ടേ അറിയാവുന്ന കീർത്തി സുരേഷുമായി ഇപ്പോഴും സൗഹൃദമുണ്ട്. സിനിമ തിരക്കുകൾ കാരണം പലപ്പോഴും കാണാൻ പറ്റാറില്ല എന്നും കല്യാണി പ്രിയദർശൻ പറഞ്ഞു. കല്യാണിയുടെ പിതാവ് പ്രിയദർശൻ അടുത്ത സുഹൃത്താണ് കീർത്തി സുരേഷിന്റെ പിതാവ് സുരേഷ് കുമാർ. പ്രിയദർശന്റെ സംവിധാനത്തിൽ സുരേഷ് കുമാർ നിർമ്മിച്ച നിരവധി ഹിറ്റ് സിനിമകൾ പിറന്നിട്ടുണ്ട്.
വർക്കൗട്ടിന് വലിയ പ്രാധാന്യം നൽകുന്ന കല്യാണി പ്രിയദർശൻ നേരത്തെ മോഹൻലാലിനൊപ്പം ജിമ്മിൽ നിൽക്കുന്ന ഫോട്ടോ വൈറൽ ആയിരുന്നു. കല്യാണിയുടെ പിതാവ് പ്രിയദർശൻ അടുത്തിടെ കൊറോണ പേപ്പേഴ്സ് എന്ന സിനിമ സംവിധാനം ചെയ്തു. ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പ്രധാന വേഷം ചെയ്തത്. കല്യാണിയുടെ അമ്മ ലിസി ഇപ്പോൾ സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ്. ഒരുകാലത്ത് മലയാളത്തിൽ തിരക്കേറിയ നടിയായിരുന്നു ലിസി. പ്രിയദർശനുമായുള്ള വിവാഹശേഷം കരിയറിൽ നിന്ന് മാറി. നിലവിൽ രണ്ടുപേരും പിരിഞ്ഞു താമസിക്കുകയാണ്.
1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹിതരായത്. 24 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം രണ്ടുപേരും പിരിഞ്ഞു. അടുത്തിടെ മകൻറെ വിവാഹത്തിന് രണ്ടുപേരും ഒരുമിച്ച് എത്തിയിരുന്നു. വിവാഹമോചനത്തെക്കുറിച്ച് നേരത്തെ പ്രിയദർശൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം സ്വർഗ്ഗമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കുടുംബം തകരരുത് എന്ന് പ്രാർത്ഥിച്ചിരുന്നു. അച്ഛനെയും അമ്മയുടെയും മരണം, വിവാഹമോചനം തുടങ്ങിയ പ്രതിസന്ധികൾ ഒന്നിന് പുറകെ ഒന്നായി എത്തി എന്നും അന്ന് പ്രിയദർശൻ പറഞ്ഞു.