ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നാദിറ മെഹറിൻ. ട്രാൻസ് വ്യക്തിയായ നാദിറ തുടക്കം മുതൽ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ്. തൻറെ അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് നാദിറ ഷോയിൽ തുടരുന്നത്. ജീവിതത്തിൽ കൈപ്പേറിയ ഒരുപാട് അനുഭവങ്ങൾ നാദിറയ്ക്ക് ഉണ്ടായിട്ടുണ്ട്. ചിലതൊക്കെ ഹൗസിനുള്ളിലെ സഹ മത്സരാർത്ഥികളുമായി നാദിറ പങ്കുവെച്ചിരുന്നു. സ്കൂൾ കാലം മുതൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നാദിറയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ സ്വന്തം ക്ലാസിലെ കുട്ടികളാൽ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് ഒരു യൂട്യൂബ് ചാനലിൽ നൽകിയ ഒരു അഭിമുഖത്തിൽ നാദിറ ഇക്കാര്യം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നാദിറയുടെ ആ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു നാദിറയ്ക്ക് അത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടി വന്നത്. ക്ലാസിൽ വച്ച് ക്ലാസിലെ എട്ടു കുട്ടികൾ ചേർന്ന് തന്നെ കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു എന്ന് നാദിറ പറയുന്നു. എട്ടു പേരെ പ്രതിരോധിക്കാനുള്ള ശക്തി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ കരയുകയും നിലവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ആ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്. അവർ എൻറെ വസ്ത്രം അഴിക്കുന്നതൊക്കെ ഇന്നും മനസ്സിലുണ്ട്. ഞാനാ വിദ്യാർഥികളുടെ പേരുകൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അവരിൽ ചിലരൊക്കെ അടുത്തിടെ ക്ഷമ ചോദിച്ചിട്ടുണ്ട്. മുൻപ് പല പരാതികളും ആയി അധ്യാപകരെ കണ്ടിരുന്നു. പക്ഷേ അന്നൊന്നും അവരുടെ ഭാഗത്തുനിന്നും പോസിറ്റീവ് ആയ ഒരു റെസ്പോൺസ് ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ ഇക്കാര്യം ആരോടും പറഞ്ഞില്ല. രണ്ടാഴ്ചയോളം ഞാൻ അതിൻറെ ട്രോമയിൽ ആയിരുന്നു. വീട്ടിലൊന്നും അത് കാണിക്കാനും പറ്റില്ലായിരുന്നുവെന്നും നാദിറ പറയുന്നു. ഇന്ന് ഞാൻ സംസാരിക്കുന്ന വേദികളിൽ ഒക്കെ അധ്യാപകർ മാറേണ്ടതിനെക്കുറിച്ച് പറയാറുണ്ട്. സ്കൂളുകളിൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അത് കുട്ടികൾക്ക് കൊടുക്കുന്നതിനു മുൻപ് അധ്യാപകർക്കാണ് കൊടുക്കേണ്ടത്. അവരെ സെക്സും ജെന്ററും ഗുഡ് ടച്ച് ബാഡ് ടച്ചും ഒക്കെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കിൽ ഇതൊക്കെ തിരുത്തപ്പെടും. അധ്യാപകർ ഓർക്കേണ്ട കാര്യം അവരെല്ലാം വിദ്യാർഥികളാണ്. ആണ് പെണ്ണ് എന്നതിനപ്പുറം വിദ്യാർഥികളാണ്.
അവർക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന ബോധം ഉണ്ടാകണം. അതിൽ ജെൻഡർ നോക്കുന്നത് ശരിയല്ല. പലർക്കും സംഭവിച്ചിട്ടുള്ളതാണ് ഇതൊക്കെ എന്നും നാദിറ പറയുന്നു. ചെറുപ്പത്തിൽ വീട് സ്കൂൾ എന്ന രീതിയിൽ നടന്നിരുന്ന ആളായിരുന്നു താനെന്നും നാദിറ പറഞ്ഞു. ഞാൻ വിവാഹങ്ങളിലോ മരണങ്ങളിലും പൊതു ചടങ്ങുകളിലും ഒന്നും പങ്കെടുക്കാറില്ലായിരുന്നു. പ്രത്യേകിച്ച് കുടുംബത്തിലെ പരിപാടികൾക്ക് ഒന്നും പോകില്ല. പോയാൽ ഞാൻ ആയിരിക്കും അവിടുത്തെ പ്രധാന സംസാരവിഷയം.
കളിയാക്കാൻ ഒക്കെ ഒരുപാട് പേർ കാണുമായിരുന്നു എന്നും നാദിറ ഓർക്കുന്നു. അതേസമയം മോഡൽ ആക്ടിവിസ്റ്റ് അഭിനയത്രി എന്ന നിലയിൽ ഒക്കെ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് നാദിറ. സംസ്ഥാനത്ത് പിജി കോഴ്സിന് ചേരുന്ന ആദ്യ ട്രാൻസ് വിദ്യാർഥി എന്ന നിലയിലാണ് നാദിറ ആദ്യമായി വാർത്തകളിൽ നിറഞ്ഞിരുന്നത്. പഠിക്കുന്ന സമയത്ത് കലാലയ രാഷ്ട്രീയത്തിൽ തിളങ്ങിയ നാദിറ ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ നേതൃനിരയിലേക്കും എത്തിയിരുന്നു. ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലൂടെയാണ് നാദിറ അഭിനയരംഗത്തേക്ക് എത്തുന്നത്.