നിരവധി വർഷങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അക്ഷയ് കുമാർ.എന്നാൽ അടുത്തകാലങ്ങളായി താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പലതിനും വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല.മലയാളത്തിൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കായ സെൽഫിയാണ് അക്ഷയ് കുമാറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അടുത്തിടെ ബോളിവുഡ് താരങ്ങൾക്ക് ഒപ്പം അക്ഷയ് കുമാർ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോ നടത്തുന്നതിന്റെ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
എന്നാൽ ഈ ഷോയുടെ ഭാഗമായി പുറത്തിറങ്ങിയ പ്രമോ വീഡിയോയാണ് ഇപ്പോൾ വൻ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും വഴി വച്ചിരിക്കുന്നത്.ടൂറിന്റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്റെ പരസ്യം ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പരസ്യ വീഡിയോയിൽ ഗ്ലോബിലൂടെ നടക്കുമ്പോൾ അക്ഷയ്കുമാർ ഇന്ത്യയുടെ ഭൂപടത്തിനു മേൽ ചവിട്ടി നടക്കുന്നതായി കാണാം. ഇത് ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിച്ചതാണെന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾ നടക്കുന്നത്.
‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’,’അക്ഷയ് കുമാർ പരസ്യം പിൻവലിച്ച് മാപ്പ് പറയണം’.എന്നിങ്ങനെയാണ് സാമൂഹിക മാധ്യമങ്ങളിൽ താരത്തിന് നേരെ പല കോണുകളിൽ നിന്നുള്ള പ്രതികരണങ്ങൾ.കഴിഞ്ഞ ദിവസമാണ് വിവാദത്തിന് കാരണമായ പരസ്യം റിലീസ് ചെയ്തത്.നടിമാരായ ദിഷ പടാനി,നോറ ഫത്തേഹി എന്നിവരെയും പരസ്യ വീഡിയോയിൽ കാണാനാകും. എന്നാൽ തനിക്കെതിരെ വിവാദങ്ങളും സൈബർ ആക്രമണങ്ങളും ചൂടുപിടിക്കുമ്പോഴും പോസ്റ്റ് പിൻവലിക്കാനോ മറ്റു പ്രതികരണങ്ങൾക്കോ അക്ഷയ്കുമാർ മുതിർന്നിട്ടില്ല.
വിമർശനങ്ങൾക്കൊപ്പം തന്നെ അക്ഷയ് കുമാറിനെ അനുകൂലിച്ചുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ കാണാനാകും.ഇത് ഇന്ത്യയെ അപമാനിക്കുന്നത് അല്ലെന്നും ഒരു ക്രിയേറ്റീവ് വർക്ക് എന്ന രീതിയിൽ കണ്ടാൽ പോരേ എന്നുള്ള രീതിയിലുള്ള പ്രതികരണങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്.കൂടാതെ അക്ഷയ് കുമാർ കനേഡിയൻ പൗരൻ ആയതുകൊണ്ട് കൂടിയാണ് ഇത്തരത്തിൽ ഇന്ത്യയെ അപമാനിച്ചതെന്നും ഒരു വിഭാഗം പറയുന്നുണ്ട്.അതേസമയം അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും ഒന്നിച്ച സെൽഫി ഫെബ്രുവരി 24ന് തിയേറ്ററുകളിൽ എത്തും.