സി സുന്ദറിന്റെ സംവിധാനത്തിൽ കമൽഹാസൻ ആർ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 20 വർഷങ്ങൾക്കു മുമ്പ് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്’അൻപേ ശിവം’.കമൽഹാസൻ തന്നെയാണ് ചിത്രത്തിൻറെ കഥയുടെ പിന്നിലും.കെ.മുരളീധരൻ,വി.സ്വാമിനാഥൻ,
ജി.വേണുഗോപാൽ എന്നിവർ ചേർന്ന് ലക്ഷ്മി മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്.ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ ആണ്.കമലഹാസൻ മുന്നോട്ടുവയ്ക്കുന്ന പല വീക്ഷണങ്ങളും നമുക്ക് ചിത്രത്തിൽ കാണാനാകും.
കമൽഹാസന്റെ ശിവം എന്ന കഥാപാത്രവും ആർ മാധവൻറെ അൻപരശ് എന്ന കഥാപാത്രവും ഒരു യാത്രയിൽ ഒരുമിക്കുന്നതും,പിന്നീട് ആ യാത്ര അൻപരശിൻറെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.’മുന്നും പിന്നും തെരിയാത്ത അന്ത പയ്യനക്കാകെ കണ്ണീർ വിട്ര അന്തമനസ് ഇറുക്കേ,അത് താൻ കടവൂൾ’അന്പിന് പാതൈ സേര്ന്തവനുക്ക് മുടിവേ ഇല്ലയെടാ,മനതിന് നീളം യെതുവോ അതുവേ വാഴ്വിൻ നീളമെടാ,അന്പേ ശിവം’.ഇത്തരത്തിൽ വിദ്യാസാഗർ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും അവയുടെ വരികളും കമൽഹാസന്റെ തിരക്കഥയും എല്ലാം ചിത്രത്തെ പ്രേക്ഷകർക്ക് ഏറെ അടുപ്പിക്കുന്നു.
എന്നാൽ 20 വർഷം മുമ്പ് തിയേറ്ററുകളിൽ എത്തിയ ഈ മാസ്റ്റർപീസ് ചിത്രം അന്നൊരു പരാജയമായിരുന്നു.വർഷങ്ങൾക്കപ്പുറം ഈ ചിത്രം കാണുന്ന പ്രേക്ഷകന് ആസ്വാദനത്തിന്റെ പുതിയ തലങ്ങളും പലതരത്തിലുള്ള മാനങ്ങളും ചിത്രം സമ്മാനിക്കുന്നു.പ്രണയം,പക,അവഗണന, അടിമത്തം,അഹങ്കാരം,ചിരി,കണ്ണീര്,സ്നേഹം, ദൈവം,നന്മ,യാത്ര,കമ്മ്യൂണിസം, സോഷ്യലിസം,മുതലാളിത്തം കപടഭക്തി എന്നിങ്ങനെയുള്ള ഘടകങ്ങളാൽ ശക്തമായ തിരക്കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. തന്റേതായ കാര്യങ്ങൾ മാത്രം നോക്കി സ്വന്തം സുഖങ്ങൾക്ക് വില കൽപ്പിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയായി അൻപരശിനെ നമുക്ക് ചിത്രത്തിൽ കാണാനാകും.
അൻപരിശനൊപ്പം സമത്വം പുലരുന്ന കാലം സ്വപ്നം കണ്ട് യാത്ര ചെയ്യുന്ന ശിവം അൻപരശിൻറെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നുണ്ട്.’കോട്ടും സ്യൂട്ടും ഇട്ടവൻ യോഗ്യനെങ്കിൽ,ഖദർ ഇട്ടവൻ ത്യാഗിയാണോ?.തീവ്രവാദികളെല്ലാം എന്നെപ്പോലെ വിരൂപന്മാർ ആയിരിക്കില്ല,അവരൊക്കെ നിന്നെപ്പോലെ സുന്ദരന്മാരായിരിക്കും’.ഇത്തരത്തിൽ കമൽഹാസന്റെ ശിവം എന്ന കഥാപാത്രം അൻപരശിനോട് പറയുന്ന ഓരോ കാര്യങ്ങളും പ്രേക്ഷകരോട് കൂടിയാണ് പറയുന്നത്.യാത്രയിലെ പല അനുഭവങ്ങളുടെ കടന്നുവന്ന് അൻപരശ് അവസാനം പറയുന്നുണ്ട്,ആരുടെയും മുഖം നോക്കി അവരെ വിലയിരുത്താൻ ആവില്ല.ഇതല്ലേടാ ഞാൻ നിന്നോട് ഇത്രയും കാലം പറഞ്ഞത് എന്ന് ശിവം തിരിച്ചു ചോദിക്കുന്നു.ആ ചോദ്യം പ്രേക്ഷകനോട് കൂടിയുള്ള ഒരു ചോദ്യമാണ്.
തന്റെ ജീവിതത്തിലുണ്ടായ ഒരു അപകടത്തിൽ നിന്ന് ഒരു നായയുടെ കാരുണ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ശിവം പ്രേക്ഷകരോട് ജീവിതത്തിൻറെ പല യാഥാർത്ഥ്യങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ഗോഡ് എന്ന് തിരിച്ചെത്തിയാൽ അത് ഡോഗ് ആകും.സോവിയറ്റ് യൂണിയൻറെ തകർച്ച കൊണ്ടുമാത്രം കമ്മ്യൂണിസം ഇല്ലാതാകുമോ?, താജ്മഹൽ ഇടിഞ്ഞുവീണാൽ നിങ്ങൾ പ്രണയിക്കുന്നത് നിർത്തുമോ?,പല സ്ഥലങ്ങളിലും ഉയരത്തിൽ സുനാമികൾ വരും.എന്നിങ്ങനെ സിനിമ പങ്കുവയ്ക്കുന്ന പല കാര്യങ്ങളും പ്രേക്ഷകനോട് കൂടിയുള്ള സംവാദം കൂടിയാണ്. കാലങ്ങൾക്കതീതമായി സഞ്ചരിക്കുന്ന ഈ ചിത്രം ഇപ്പോഴും പ്രേക്ഷകനോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നു.